Connect with us

Ongoing News

ഇന്ത്യയില്‍ എവിടേക്കും ഇനി സൗജന്യമായി ഫോണ്‍ വിളിക്കാം

Published

|

Last Updated

കൊച്ചി: കേരളത്തില്‍ നിന്ന് രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും സൗജന്യമായി ഫോണ്‍ വിളിക്കാവുന്ന “സ്പീക്ക് ഫ്രീ”മൊബൈല്‍ ആപ്പ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ രാജമാണിക്കം ഇന്ത്യയിലെ ആദ്യത്തെ ഓഫ് ലൈന്‍ ഫ്രീ കാളിംഗ് ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു. കെ ആര്‍ വിശ്വംഭരന്‍ ഐ എ എസ് ആദ്യ ഫോണ്‍ വിളി നടത്തി. സംസ്ഥാനത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സാധാരണ ഡയല്‍ ചെയ്ത് ഫോണ്‍ വിളിക്കുന്നതുപോലെ സൗജന്യമായി ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ സംസാരിക്കാന്‍ കഴിയുന്ന ഈ ആപ് അവതരിപ്പിക്കുന്നത് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഭവ് കമ്മ്യൂണിക്കേഷന്‍സാണ്.

നിലവില്‍ സൗജന്യമായി ഫോണ്‍ വിളിക്കുന്നതിനും ചാറ്റിംങ്ങിനും വാട്ട്‌സ് ആപ്പ് പോലെയുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നത് ഇന്റര്‍നെറ്റ് വഴിയാണ്. എന്നാല്‍ “സ്പീക്ക് ഫ്രീ” ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്ന ഹാന്റ്‌സെറ്റില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ല എന്നതാണ് ഈ സംവിധാനത്തിന്റെ മുഖ്യ ആകര്‍ഷണം. വിളിക്കുന്ന ഫോണില്‍ മാത്രം “സ്പീക്ക് ഫ്രീ” ആപ്പ് ഉണ്ടായിരുന്നാല്‍ മതി.

കേരളത്തിലെ എല്ലാ ഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍വഴിയും ഇന്ത്യയിലെ ഏതു ഫോണ്‍ കണക്ഷനിലേക്കും വിളിക്കാമെന്നതും ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. ഒരു ഫോണ്‍ വിളിയുടെ പരമാവധി ദൈര്‍ഘ്യം മൂന്ന് മിനിറ്റ് ആയിരിക്കുമെങ്കിലും വീണ്ടും എത്ര തവണ വേണമെങ്കിലും അതേ കോള്‍ ആവര്‍ത്തിക്കാവുന്നതാണ്. സ്പീക്ക് ഫ്രീ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മാത്രമാണ് ഇന്റര്‍നെറ്റ് ആവശ്യമുള്ളത്. മുഹമ്മദ് നസീം, അഹമ്മദ് റഫീക്ക്, ഹഫീസ് അബ്ദുള്‍ ലത്തീഫ്, വാലാന്റോ ആലപ്പാട്ട്, സാബു ടി. രാഘവന്‍ എന്നിവരാണ് ഈ ന്യൂതന പദ്ധതിയുടെ സംരംഭകര്‍.

ആദ്യഘട്ടത്തില്‍ കേരളത്തിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയിലാണ് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നതെങ്കിലും അധികം വൈകാതെ തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കുകൂടി “സ്പീക്ക്ഫ്രീ” സര്‍വ്വീസ് വ്യാപിക്കുമെന്ന് അവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.sumbav.in / www.speakfree.in സന്ദര്‍ശിക്കുക.