Connect with us

Kerala

മുസ്‌ലിം ജമാഅത്തിന്റെ ലക്ഷ്യം സാമുദായിക ശാക്തീകരണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന നാനാവിധ പ്രശ്‌നങ്ങളില്‍ ദിശാബോധം നല്‍കി സമുദായത്തെ ശാക്തീകരിക്കുകയാണ് കേരളാ മുസ്‌ലിം ജമാഅത്തിന്റെ ലക്ഷ്യമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി രൂപവത്കരണത്തോടനുബന്ധിച്ച് മുതലക്കുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംഘടനയുടെ നയപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തില്‍ സ്വത്വം നിലനിര്‍ത്തി ജീവിക്കുമ്പോഴും ഇതര ജനവിഭാഗങ്ങളുമായി സൗഹൃദം നിറഞ്ഞ അന്തരീക്ഷം നിലനിര്‍ത്താന്‍ എക്കാലവും മുസ്‌ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധമായിരിക്കും.
കേരള മുസ്‌ലിംകളുടെ സാംസ്‌കാരിക ഉന്നമനം യാഥാര്‍ഥ്യമാക്കാന്‍ വ്യവസ്ഥാപിതമായി രൂപം നല്‍കിയ പണ്ഡിത പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ. സമസ്തയുടെ ഈ ദൗത്യം ഏറ്റെടുക്കുകയാണ് കേരള മുസ്‌ലിം ജമാഅത്ത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ മതപണ്ഡിതരുടെയും പൗരപ്രമുഖരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും കൂട്ടായ്മയായാണ് മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തിക്കുക. കക്ഷിരാഷ്ട്രീയത്തില്‍ മുസ്‌ലിം ജമാഅത്ത് ഇടപെടില്ലെങ്കിലും പ്രവര്‍ത്തകര്‍ക്ക് തികഞ്ഞ രാഷ്ട്രീയാവബോധം നല്‍കും. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ ഭൂമികയെ സംബന്ധിച്ച് പുനരാലോചനകള്‍ നടക്കേണ്ടതുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്‌ലിംകളുടെ പേരില്‍ തന്നെയും രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്. പക്ഷേ സമുദായത്തിന്നൊരു പിന്തുണ വേണ്ടിവരുമ്പോള്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ എവിടെയാണ് നില്‍ക്കുന്നത്. പാര്‍ലമെന്ററി വ്യാമോഹത്തിനപ്പുറമുള്ള അജന്‍ഡകളിലേക്ക് ഇവര്‍ സത്യത്തില്‍ കടന്നുവരുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. സമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും തുല്യനിലയില്‍ ഉള്‍ക്കൊള്ളാനുള്ള സൗമനസ്യം പോലും പലര്‍ക്കുമില്ലെന്നത് സത്യമാണ്. വിയോജിക്കുന്നവരോട് ശത്രുതാ മനസ്ഥിതിയോടെ പെരുമാറുന്നതാണ് പലരുടെയും രീതി. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ മുസ്‌ലിം ജമാഅത്ത് ആഗ്രഹിക്കുന്നില്ല. അതേ സമയം ആവശ്യമായ സമയത്ത് ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുക തന്നെ ചെയ്യും.
രാജ്യത്ത് വ്യാപകമായി വരുന്ന തീവ്രവാദം, വര്‍ഗീയ ചേരിതിരിവ്, അസഹിഷ്ണുത എന്നിവക്കെതിരെ മത-മതേതര മൂല്യങ്ങളും-ദേശീയ താത്പര്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും നന്മക്കും സുരക്ഷിതത്വത്തിനും വേണ്ടി മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ വലിയ ഉത്കണ്ഠയുണ്ട്. വര്‍ഗീയ ചേരിതിരിവുകള്‍ വര്‍ധിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അഭ്യന്തര സഹമന്ത്രി വെച്ച റിപ്പോര്‍ട്ട് ഈ ഉത്കണ്ഠ കൂട്ടുകയാണ് ചെയ്യുന്നത്. അതിവൈകകാരികതയും തീവ്ര സമീപനവും കൊണ്ട് ഇത്തരമൊരു അവസ്ഥയെ മറികടക്കാന്‍ കഴിയില്ല. അത് അരക്ഷിതാവസ്ഥയെ കൂടുതല്‍ ഭീകരമാക്കുകയേ ഉള്ളൂ. തീവ്രവാദത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നത് ഒരു സമൂഹത്തിനും ഒരിക്കലും ഭൂഷണമല്ല.
മഹല്ലുകള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, കുടുംബം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ പദ്ധതികളാവിഷ്‌കരിച്ചു നടപ്പാക്കും. മതന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവല്‍കൃത ജന വിഭാഗങ്ങള്‍ക്കും നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മുസ്‌ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധരായിരിക്കും.
ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സംഘടനയുടെ ജില്ലാ, സോണ്‍ തലങ്ങളില്‍ മസ്ഹലത്ത് ഫോറങ്ങള്‍(അനുരഞ്ജന സമിതികള്‍) സ്ഥാപിക്കുന്നുണ്ട്. എല്ലാ മത ജനവിഭാഗങ്ങള്‍ക്കിടയിലും സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി “സൗഹൃദഗ്രാമം” സൃഷ്ടിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംജമാഅത്ത് സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകള്‍ പോളിസി സെല്‍ ചേര്‍ന്ന് പിന്നീട് തീരുമാനമെടുക്കും.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല പ്രസംഗിച്ചു.
എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, തെന്നല അബൂഹനീഫല്‍ ഫൈസി, സി മുഹമ്മദ് ഫൈസി, മജീദ് കക്കാട്, എം വി അബ്ദുര്‍റസാഖ് സഖാഫി മുസ്‌ലിം ജമാഅത്ത് സാരഥികളെ അനുമോദിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest