Connect with us

Gulf

'കടല്‍ കടക്കുമ്പോള്‍ ഭാഷയോടും സംസ്‌കാരത്തോടും സ്‌നേഹം കൂടുന്നു'

Published

|

Last Updated

ഷാര്‍ജ: കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തുണ്ടായ വളര്‍ച്ചയില്‍ ഗ്രാമീണ വായനശാലകളും ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവര്‍ത്തനവും മുഖ്യപങ്കു വഹിച്ചിട്ടുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന്‍ സേതു അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പുതിയ ലൈബ്രറി കമ്മിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാത്രം 6,500 ലേറെ രജിസ്റ്റര്‍ ചെയ്ത വായനശാലകളുണ്ട്. ഇത്രയധികം ഗ്രാമീണ വായനശാലകളുള്ളത് കേരളത്തില്‍ മാത്രമാണെന്നും പുതിയ തലമുറ ഇത് വേണ്ടരീതിയില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും 2007ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ സേതു പറഞ്ഞു.
കടല്‍ കടക്കുമ്പോള്‍ നമ്മുടെ ഭാഷയോടും സംസ്‌കാരത്തോടും പൈതൃകത്തോടും സ്‌നേഹം കൂടുന്നതായി കാണുന്നു. അമേരിക്കയില്‍ പോലും ഇപ്പോള്‍ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നു. മലയാളത്തെ സ്‌നേഹിച്ചില്ലെങ്കിലും വെറുക്കാതിരക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ചടങ്ങില്‍ ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബിജു സോമന്‍ സ്വാഗതവും വി നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. മാധവന്‍ നായര്‍, വി പി കുട്ടപ്പന്‍ സംബന്ധിച്ചു. അസോസിയേഷന്റെ ലൈബ്രറി സേതു സന്ദര്‍ശിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗസല്‍ സന്ധ്യയും അരങ്ങേറി.

Latest