Connect with us

Gulf

സിറിയന്‍ ജനതക്കു വേണ്ടി യു എന്‍ ഇടപെടണമെന്ന് ഖത്വര്‍

Published

|

Last Updated

ദോഹ : ഭക്ഷണവും പാര്‍പ്പിടവും നിഷേധിക്കപ്പെട്ട് സിറിയയിലെ സാധാരണ മനുഷ്യര്‍ നേരിടുന്ന പ്രയാസങ്ങള്‍ വിവരിച്ചും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും ഖത്വര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റ് എല്‍ബിയോ റോസല്ലി, യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, യു എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് മൊഗന്‍സ് ലിക്കടോഫി എന്നിവര്‍ക്ക് കത്തയച്ചു.
സിറിയയിലെ സബദാനി, മദായ, ബഗന്‍, ബ്ലുദാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ മനുഷ്യര്‍ ഉപരോധമുള്‍പ്പെടെയുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരകളായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുക എന്നത് ഒരു ആയുധപ്രയോഗമായി സിറിയന്‍ ഭരണകൂടവും പിന്തുണക്കുന്നവരും ഉപയോഗിക്കുകയാണ്. ഇവിടെ ജനങ്ങള്‍ക്ക് ഭക്ഷണവും പ്രാഥമിക ആവശ്യങ്ങളും നിഷേധിക്കുന്നു.
സംഘടിത ആക്രമണത്തിനാണ് ഇവിടെ ജനങ്ങള്‍ വിധേയമാകുന്നത്. മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ പോലും കഴിയാതെ ചില പ്രദേശങ്ങളിലെ ജനങ്ങളെ ഒറ്റപ്പെടുത്തുന്നു. സിറിയയിലെ ദയനീയ അന്തരീക്ഷത്തില്‍ മാനുഷികമായ ഇടപെടലാണ് വേണ്ടതെന്ന് വിദേശകാര്യമന്ത്രിയുടെ വികാരനിര്‍ഭരമായ കത്തില്‍ ആവശ്യപ്പെടുന്നു.
പട്ടാളത്തിന്റെ പിന്തുണയോടെയാണ് ഇവിടെ സര്‍ക്കാര്‍ അനുകൂലികള്‍ ജനങ്ങളെ ഉപദ്രവിക്കുന്നത്. ജനങ്ങളെ കഷ്ടപ്പെടുത്തി കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നു. വിസമ്മതിക്കുന്നവരെ കൊന്നൊടുക്കുന്ന ക്രൂരത തുടരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നുമായി വരുന്ന റീലീഫ് സംഘങ്ങളെപ്പോലും തടയുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്ന ഈ പ്രദേശത്ത് പട്ടിണി മൂലം കഴിഞ്ഞ ദിവസങ്ങളില്‍ 30 പേര്‍ മരിച്ചു. നാല്‍പ്പതിനായിരത്തിലധികം ആളുകളാണ് ഇവിടെ രക്ഷകാത്ത് കഴിയുന്നത്. സിവിലിയന്‍ പ്രദേശങ്ങളില്‍ ഉപരോധം ഒരു പ്രതികാര രീതിയായി ഭരണകൂടവും അനുകൂലികളും കാണുകയാണ്. എല്ലാ രാജ്യാന്തര നിയമങ്ങളെയും ലംഘിച്ച് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നു. ജനവാസ പ്രദേശങ്ങളിലെ ഉപരോധത്തിനെതിരെ യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പാസാക്കിയ പ്രമേയങ്ങള്‍ സിറിയ പാലിക്കുന്നില്ല.
രാജ്യാന്തര സമൂഹം പുലര്‍ത്തുന്ന മൗനവും ഉത്തരവാദിത്ത നിര്‍വഹണത്തിലെ പോരായ്മയുമാണ് ഈ ക്രൂരതകള്‍ക്കു പ്രേരണയാകുന്നത്. അടിയന്തരമായ ഇടപെടലിലൂടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയം നടപ്പില്‍ വരുത്തുന്നത് ഉറപ്പു വരുത്തണം. സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള യു എന്‍ ശ്രമങ്ങളും വേഗത്തിലാക്കണം. സിറിയയില്‍ ആക്രമിക്കപ്പെടുന്ന ജനങ്ങള്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Latest