Connect with us

Malappuram

നിരത്തുകള്‍ വീണ്ടും ചോരക്കളം

Published

|

Last Updated

പൊന്നാനി: എടപ്പാള്‍ അപകടത്തില്‍ നാല് പേര്‍ മരിച്ചത് തകര്‍ന്ന ടവേരയുടെ ഉള്ളില്‍ കിടന്ന് തന്നെയായിരുന്നു.
ഭയാനക ശബ്ദം കേട്ട് അടുത്ത വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും വാഹനമൊന്നും റോഡില്‍ കാണാനായിരുന്നില്ല. എന്നാല്‍, കൂട്ടക്കരച്ചിലും ഞരക്കവും കേട്ടാണ് തോട്ടില്‍ കിടന്ന വാഹനത്തിനടുത്തേക്ക് ആളുകളെത്തിയത്. പാതയോരത്തെ വൈദ്യുതി പോസ്റ്റ് ഇടിയില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. എന്നിട്ടും നില്‍ക്കാതെ മുന്നോട്ടുപോയ ടവേര കാര്‍ രണ്ട് ചെറുമരങ്ങളും തകര്‍ത്ത് കായലിനോടു ചേര്‍ന്ന തോട്ടിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ക്ക് തകര്‍ന്നടിഞ്ഞ കാറിനുള്ളില്‍ നിന്ന് എല്ലാവരേയും പുറത്തെടുക്കാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടി വന്നു. വയലോരമായതിനാല്‍ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ ഏറെ ബാധിച്ചു. അതുവഴിവന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ട് അതിന്റെ ലൈറ്റിലാണ് ഏറെ നേരം രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചത്. പിന്നീട് പൊന്നാനിയില്‍ നിന്നും തിരൂരില്‍ നിന്നും അഗ്നിശമനസേനയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേഗംകൂട്ടി.
അതുല്‍രാജ്, അമല്‍കൃഷ്ണ, സുധീഷ്, സേവ്യര്‍ എന്നിവര്‍ വാഹനത്തിനകത്തുതന്നെ മരിച്ച നിലയിലായിരുന്നു. എല്ലാവരേയും തിരിച്ചറിയാന്‍ മണിക്കൂറുകളോളമെടുത്തു. ചങ്ങരംകുളത്തുനിന്ന് വാടകക്ക് വിളിച്ച വാഹനമായതിനാല്‍ പോലീസ് അതിനെ പിന്‍തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഒരാളൊഴികെ പരുക്കേറ്റ മറ്റെല്ലാവരും അബോധാവസ്ഥയിലായതും പോലീസിനേയും ആശുപത്രി അധികൃതരേയും കുഴക്കി. പരുക്കേറ്റെങ്കിലും ആശുപത്രി അധികൃതരുടെ ചോദ്യങ്ങളോട് പ്രതികരിച്ച സൂരജാണ് സേവ്യറിന്റെ പേര് പറഞ്ഞത്.
അതനുസരിച്ച് പരിചയമുള്ള നാട്ടുകാര്‍ മൃതദേഹം നോക്കിയെങ്കിലും മുഖം വികൃതമായതിനാല്‍ തിരിച്ചറിയാന്‍ പിന്നെയും സമയമെടുത്തു. പിതാവ് സേവ്യര്‍ മരണമടഞ്ഞ വിവരം തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ കഴിയുന്ന മകന്‍ ഡെല്‍വിന്‍ അറിഞ്ഞിട്ടില്ല. മകനും കൂട്ടുകാര്‍ക്കും ഭക്ഷണമൊരുക്കി കാത്തിരുന്ന സേവ്യറിന്റെ ഭാര്യ ഡെലീന ദുരന്ത വാര്‍ത്തയറിഞ്ഞതോടെ മോഹാലസ്യപ്പെട്ടുവീണു. മകനെയും കൂട്ടുകാരെയും കൊണ്ടുവരാനുള്ള അച്ഛന്റെ യാത്ര ദുരന്തത്തില്‍ കലാശിച്ചതിലെ നീറുന്ന വേദന ഡെല്‍വിന്റെ സഹോദരന്‍ മെല്‍ബിനെ തളര്‍ത്തിയിരിക്കുകയാണ്.
എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച നാല് മൃതദേഹങ്ങളും ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടത്തി പൊന്നാനി സി ഐ. പി രാധാകൃഷ്ണപിള്ള, എസ് ഐ ശശീന്ദ്രന്‍ മേലയില്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.
അതുല്‍രാജ്, അമല്‍കൃഷ്ണ, സുധീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി. സേവ്യറിന്റെ മൃതദേഹം പൊന്നാനി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് പൊന്നാനി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
പിതാവിന്റെ മരണമറിയാതെ മകന്‍ ആശുപത്രിയില്‍
പൊന്നാനി: ജന്മനാട് എറണാകുളമാണെങ്കിലും സേവ്യര്‍ എടപ്പാളുകാര്‍ക്ക് ഏറെ സ്‌നേഹമുള്ളയാളായിരുന്നു.
എടപ്പാളിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ ഗ്രാമപഞ്ചായത്തിലെ യു ഡി ക്ലര്‍ക്ക് നെടുമ്പറമ്പില്‍ സേവ്യറിന്റെ അന്ത്യം സഹപ്രവര്‍ത്തകര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. തിങ്കളാഴ്ച ഓഫീസ് സമയം കഴിഞ്ഞും രാത്രി ഏഴര മണിവരെ സേവ്യര്‍ പഞ്ചായത്തോഫീസില്‍ ജോലിത്തിരക്കിലായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ജീവനക്കാര്‍ തേങ്ങലോടെ വിവരിച്ചു. മകനും കൂട്ടുകാരും വീട്ടിലേക്ക് വരുന്നുണ്ടെന്ന് തിങ്കളാഴ്ച രാവിലെ സേവ്യറിനെ വിളിച്ചറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഭക്ഷണത്തിനുള്ള ക്രമീകരണം ചെയ്താണ് സേവ്യര്‍ ജോലിക്കെത്തിയിരുന്നത്. തിരിച്ച് ചങ്ങരംകുളത്തെ വീട്ടിലെത്തുമ്പോള്‍ രാത്രി എട്ടര കഴിഞ്ഞിരുന്നു. ബാഗ് ഭാര്യയെ ഏല്‍പ്പിച്ച് കാറും വാടകയ്ക്ക് വിളിച്ച് മകനെയും കൂട്ടുകാരെയും കൂട്ടിവരാമെന്ന് പറഞ്ഞ് പടിയിറങ്ങിയ സേവ്യറിന്റെ ദുരന്ത വാര്‍ത്തയാണ് പിന്നെ നാടറിഞ്ഞത്. പൊന്നാനി താലൂക്കാശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചങ്ങരം കുളത്തെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് നേരെ താന്‍ ജോലി ചെയ്തുകൊണ്ടിരുന്ന പഞ്ചായത്തോഫീസിലേക്കാണ് പൊതുദര്‍ശനത്തിനായി കൊണ്ടുവന്നത്. ഉച്ചമുതല്‍ തന്നെ സഹപ്രവര്‍ത്തകരും സേവ്യറിനൊപ്പം മറ്റു ഓഫീസുകളില്‍ ജോലി ചെയ്തിരുന്നവരും നിറകണ്ണുകളോടെ കാത്തുനിന്നു. വൈകുന്നേരം നാലരയോടെ മൃതദേഹം പൊതുദര്‍ശനത്തിന് കിടത്തിയപ്പോള്‍ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ ദുഃഖമടക്കാനാവാതെ തേങ്ങി. അരമണിക്കൂറോളം പൊതുദര്‍ശനത്തിനായി കിടത്തി. ഡോ. കെ ടി ജലീല്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ദേവിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ ഷീജ, എ പി ലീല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, വി കെ എ മജീദ്, സി രവീന്ദ്രന്‍, സിനിമ നിര്‍മ്മാതാവ് ചട്ടിക്കല്‍ മാധവന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആദരസൂചകമായി എടപ്പാള്‍ പഞ്ചായത്തോഫീസിന് ഇന്നലെ അവധിയായിരുന്നു.

Latest