Connect with us

Malappuram

സ്‌റ്റേഡിയം നിര്‍മാണത്തില്‍ നഗരസഭക്ക് താല്‍പര്യമില്ലെങ്കില്‍ ഫണ്ട് നല്‍കുന്നത് പുനഃപരിശോധിക്കും: സി മമ്മുട്ടി എം എല്‍ എ

Published

|

Last Updated

തിരൂര്‍: നഗരസഭയിലെ കായിക പ്രേമികളുടെ അഭ്യര്‍ഥന മാനിച്ച് അനുവദിച്ച പദ്ധതി പൂര്‍ത്തിയാക്കാന്‍ നഗരസഭക്ക് താല്‍പര്യമില്ലെങ്കില്‍ പുനഃപരിശോധിക്കുമെന്ന് സി മമ്മുട്ടി എം എല്‍ എ. സ്റ്റേഡിയം നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന വാക്ക് പാലിക്കാന്‍ ആഗ്രഹമുണ്ട്. നഗരസഭ കൗണ്‍സില്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് നാലരക്കോടി രൂപ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചതും പൊതുമേഖല സ്ഥാപനമായ സില്‍ക്കിനെ നിര്‍മാണ പ്രവൃത്തി ഏല്‍പ്പിച്ചതും.
75 ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കണമെന്ന് സില്‍ക്കുമായി ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. പദ്ധതി വൈകുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തറക്കല്ലിടല്‍ കര്‍മം പോലും ഒഴിവാക്കി രാവും പകലും പണി നടത്തുന്നതെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. കായിക പ്രേമികളുടെ ആവശ്യത്തെ തുടര്‍ന്നാണ് ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള മുഴുവന്‍ തുകയും ഈ പദ്ധതിക്ക് വേണ്ടി മാറ്റിവെച്ചത്. ഈ പദ്ധതിക്കാണ് ഫണ്ട് അനുവദിച്ച എം എല്‍ എയോ കരാര്‍ ഏറ്റെടുത്ത സില്‍ക്കിനെയോ അറിയിക്കാതെ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുള്ളത്.
സ്റ്റോപ്പ് മെമ്മോ നല്‍കിയത് പത്രങ്ങളില്‍ വായിക്കേണ്ട അവസ്ഥയാണുണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ നഗരസഭക്ക് താല്‍പര്യമില്ലെങ്കില്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് പുനഃപരിശോധിക്കുമെന്നും വ്യാഴാഴ്ച്ച ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും എം എല്‍ എ പറഞ്ഞു.
ഇതോടെ നഗരസഭയില്‍ മ്യൂസിക്ക് ഫൗണ്ടന്റ് നടപ്പാക്കാന്‍ രണ്ടരക്കോടി അനുവദിച്ചതും പുനഃപരിശോധിക്കേണ്ടി വരും. സ്റ്റേഡിയത്തിന് വേണ്ടിയുള്ള നാലരക്കോടിയും മ്യൂസിക്ക് ഫൗണ്ടന്റിന് അനുവദിച്ച രണ്ടരക്കോടിയും എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ സംബന്ധിച്ച് മറ്റു പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും എം എല്‍ എ വ്യക്തമാക്കിയിട്ടുണ്ട്.

Latest