Connect with us

Wayanad

പവര്‍ഗ്രിഡ് ശബ്ദ മലിനീകരണത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

മാനന്തവാടി: കൈഗ ആണവ നിലയത്തില്‍ നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി പവര്‍ഗ്രിഡ് കോര്‍പറേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മൈസൂര്‍-അരീക്കോട് 400 കെ വി പവര്‍ ലൈനില്‍ നിന്നുള്ള ശബ്ദ മലിനീകരണത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ഈ മാസം 14നാണ് ലൈന്‍ ചാര്‍ജ് ചെയ്തത്. വൈനിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോഴുണ്ടാകുന്ന അമിത ശബ്ദമാണ് നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ആകെ 210 കിലോ മീറ്റര്‍ വരുന്ന ലൈനിന്റെ 92 കിലോ മീറ്റര്‍ കേരളത്തില്‍ കൂടിയാണ് കടന്നു പോകുന്നത്.
കര്‍ണാടകയിലെ കൈഗ ന്യൂക്ലിയര്‍ പ്ലാന്റില്‍ നിന്നാണ് മടിക്കേരി, വീരാജ്‌പേട്ട, ഹുന്‍സൂര്‍, കുട്ട, തോല്‍പ്പെട്ടി, വയനാടന്‍ ചുരം വഴി വൈദ്യുതി അരീക്കോട് 400 കെ വി സബ് സ്‌റ്റേഷനിലെത്തുക. തോല്‍പ്പെട്ടിയിലൂടെ കടന്നു പോകുന്ന ലൈന്‍ പിന്നീട് ജനവാസ കേന്ദ്രത്തിലൂടെയാണ്. ലൈന്‍ ചാര്‍ജ് ചെയ്യുമ്പോള്‍ മൂന്നു മണിക്കൂര്‍ മാത്രമെ പ്രസരണം ഉണ്ടാകുകയുള്ളുവെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എ്‌നാല്‍ 24 മണിക്കൂറും വൈദ്യുതി പ്രസരിക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കാട്ടിക്കുളം മേലെ 54, എടയൂര്‍കുന്ന്, തൃശിലേരി, ചേറൂര്‍ എന്നിവിടങ്ങളിലുള്ളവരെ ദുരിതത്തിലാക്കിയിരിക്കുന്നത്. നൂറുക്കണക്കിന് കുടുംബങ്ങളാണ് ഇപ്പോള്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് രാത്രി കാലങ്ങളില്‍ പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
അതു പോലെ തന്നെ ഹദ്രോഗികള്‍ തുടങ്ങിയ മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ക്കും ശബ്ദം വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ദീര്‍ഘ നേരം അമിത ശബ്ദം കേള്‍ക്കേണ്ടി വരുന്നതിനാല്‍ തലവേദന പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. സബ് കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍. 2005ല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചപ്പോഴും നിരവധി സമരങ്ങള്‍ അരങ്ങേറിയിരുന്നു.

Latest