Connect with us

International

ഇസിലിനെ ലക്ഷ്യമാക്കി റഷ്യ ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചു

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ ഇസില്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുദ്ധക്കപ്പലുകളില്‍ നിന്ന് റഷ്യ ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചു. 1200 കിലോമീറ്റര്‍ ദൂരത്തില്‍ കാസ്പിയന്‍ സമുദ്രത്തിലുള്ള യുദ്ധക്കപ്പലില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തുവിട്ടത്. സിറിയയിലെ ഇസില്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് തങ്ങള്‍ വ്യോമാക്രമണം നടത്തുന്നതെന്നും എന്നാല്‍ അപൂര്‍വമായി ഇത് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണയുള്ള വിമതരുടെ കേന്ദ്രങ്ങളിലും പതിച്ചതായി റഷ്യ വ്യക്തമാക്കി. യു എസ് എതിര്‍പ്പുകള്‍ അവഗണിച്ച് സിറിയയില്‍ നടത്തുന്ന യുദ്ധത്തിനിടെ ഇതാദ്യമായാണ് ക്രൂയിസ് മിസൈലുകള്‍ റഷ്യ ഉപയോഗിക്കുന്നത്. കാസ്പിയന്‍ സമുദ്രത്തില്‍ തയ്യാറാക്കിയ യുദ്ധക്കപ്പലില്‍ നിന്ന് 11 ഇസില്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു പറഞ്ഞു. സാധാരണക്കാരുടെ ജീവന് അപകടം സംഭവിക്കാതെ ഇസില്‍ കേന്ദ്രങ്ങളില്‍ തന്നെയായിരുന്നു ആക്രമണമെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി ആര്‍ ഐ എ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ നാല് യുദ്ധക്കപ്പലുകളില്‍ നിന്നായി 26 ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍, ഇറാഖ് വ്യോമ പരിധിക്ക് മുകളിലൂടെയാണ് ക്രൂയിസ് മിസൈലുകള്‍ അയച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
1500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച മിസൈലുകള്‍ റഖയിലെയും അലപ്പോ പ്രവിശ്യയിലെയും ഇദ്‌ലിബിലെയും ഇസില്‍ കേന്ദ്രങ്ങളില്‍ പതിച്ചെന്ന് റഷ്യന്‍ അധികൃതര്‍ അവകാശപ്പെട്ടു. റഖയിലും അലപ്പോയിലും ഇസില്‍ തീവ്രവാദികളുടെ സാന്നിധ്യം ശക്തമാണ്. ഇദ്‌ലിബില്‍ അന്നുസ്‌റ ഫ്രണ്ടും പ്രബലമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും തുര്‍ക്കിയും ബശറുല്‍ അസദ് അധികാരത്തില്‍ നിന്നൊഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അസദിന് പിന്തുണ പ്രഖ്യാപിക്കുന്ന റഷ്യ, അസദിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയാല്‍ സിറിയക്ക് ഇറാഖിന്റെ ഗതിവരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. റഷ്യയുടെ ആക്രമണത്തില്‍ നിരവധി ഇസില്‍ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വെറും അഞ്ച് ശതമാനം മാത്രമാണ് ഇസില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന റഷ്യയുടെ ആക്രമണമെന്നും ബാക്കിയുള്ളവ വിമതരെ ഉദ്ദേശിച്ചുള്ളതാണെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നു.
റഷ്യന്‍ ജറ്റുകള്‍ നടത്തിയ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ അസദ് അനുകൂല സൈന്യം കഴിഞ്ഞ ദിവസം ഹമ പ്രവിശ്യയില്‍ വന്‍ മുന്നേറ്റം നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

---- facebook comment plugin here -----

Latest