Connect with us

National

നേതാജിയെക്കുറിച്ചുള്ള സോവിയറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: സോവിയറ്റ് ചാര സംഘടനയായ കെ ജി ബിയുടെ പക്കല്‍ നിന്ന് നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ തിരോധാനത്തെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചാലും അത് വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
നേതാജിയെ കുറിച്ചുള്ള രഹസ്യ ഫയലുകള്‍ പുറ1ത്ത് വിടുമെന്ന എന്‍ ഡി എയുടെ പ്രഖ്യാപിത നിലപാട് നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു നിലപാട് എടുക്കുന്നത്. നേതാജി സോവിയറ്റ് യൂനിയനില്‍ കഴിഞ്ഞതിന് തെളിവുകളുണ്ടോയെന്ന് അന്വേഷിക്കാന്‍ വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ആര്‍ എല്‍ നാരായണിനെ ചുമതലപ്പെടുത്തിയിരുന്നു. പത്തൊമ്പത് വര്‍ഷം മുമ്പായിരുന്നു അത്. ഈ അന്വേഷണം എവിടെ വരെയെത്തി എന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് വിദേശകാര്യ വകുപ്പ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
1996 ജനുവരി 12ന് വിദേശകാര്യ വകുപ്പ് സെക്രട്ടറിക്ക് നാരായണ്‍ നോട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം രേഖകളൊന്നും വെളിപ്പെടുത്താനാകില്ലെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. വിവരം ലഭ്യമല്ല എന്നായിരുന്നു വിവരാവകാശ രേഖക്ക് ആദ്യം നല്‍കിയ മറുപടി. എന്നാല്‍ പിന്നീട് വിവരം നല്‍കാനാകില്ലെന്ന് തന്നെ മറുപടി വന്നു. ആര്‍ ടി ഐ ആക്ടിന്റെ സെക്ഷന്‍ 8(1)എ അനുസരിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മന്ത്രാലയത്തിന്റെ മറുപടി. ഈ ആക്ട് പ്രകാരം രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഹനിക്കുന്ന വിവരങ്ങള്‍ കൈമാറേണ്ടതില്ല. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നതോ രാജ്യത്തിന്റെ സുരക്ഷാപരമായതോ ആയ കാര്യങ്ങളും വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍, ഈ വിവരത്തില്‍ ഇത്തരം സാധ്യതകള്‍ അടങ്ങിയിട്ടില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
നാരായണിന്റെ നോട്ട് വെബ്‌സൈറ്റുകളില്‍ ലഭ്യമാണെന്നതാണ് കൗതുകകരമായ കാര്യം. എന്നാല്‍ ഇതില്‍ എന്ത് നടപടിയെടുത്തു എന്ന് മാത്രമാണ് ദുരൂഹം. നേതാജിയുടെ തിരോധാനം സംബന്ധിച്ച രഹസ്യ രേഖകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിവരവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച കേസില്‍ കമ്മീഷന്‍ ഈ മാസം 29 ന് വാദം കേള്‍ക്കാനിരിക്കുകയാണ്. കൃത്യമായ തെളിവുകളില്ലാതെ സോവിയറ്റ്/ റഷ്യന്‍ പത്രങ്ങളില്‍ വാര്‍ത്തകളില്‍ വന്നിരുന്നുവെന്ന് നാരായണിന്റെ നോട്ടില്‍ പറയുന്നു.

---- facebook comment plugin here -----

Latest