Connect with us

International

അല്‍അഖ്‌സ പള്ളിയില്‍ സംഘര്‍ഷം

Published

|

Last Updated

ജറൂസലം: ഫലസ്തീനിലെ ചരിത്രപ്രസിദ്ധമായ മസ്ജിദുല്‍ അഖ്‌സയിലേക്ക് അതിക്രമിച്ചുകയറാനുള്ള ജൂതരുടെ ശ്രമത്തെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഫലസ്തീന്‍ മുസ്‌ലിംകളും ജൂതരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ സൈന്യം പള്ളിക്കുള്ളിലേക്ക് ഇരച്ചുകയറുകയും പള്ളിയുടെ കോമ്പൗണ്ടിലുള്ള ഗേറ്റ് അടച്ചിടുകയും ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പള്ളി കോമ്പൗണ്ടിനുള്ളില്‍ കയറിയ ഇസ്‌റാഈല്‍ സൈന്യം സൗണ്ട് ബോംബ് വര്‍ഷിച്ചതായും അല്‍ജസീറ വ്യക്തമാക്കി.
അതിക്രമം ലക്ഷ്യം വെച്ച് പെട്രോള്‍ ബോംബുകളും മറ്റും സംഘടിപ്പിച്ച് പള്ളി കോമ്പൗണ്ടിനുള്ളില്‍ കയറിയ ഫലസ്തീന്‍ പ്രതിഷേധക്കാരെ തുരത്താനാണ് പള്ളിക്കുള്ളിലേക്ക് കയറിയതെന്നാണ് ഇസ്‌റാഈല്‍ വാദം. മുഖം മൂടി ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ പള്ളിക്കുള്ളിലേക്ക് കയറി പോലീസിന് നേരെ അതിക്രമം നടത്തിയെന്നും ഇസ്‌റാഈല്‍ പോലീസ് ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഫലസ്തീന്‍, അല്‍അഖ്‌സ മസ്ജിദിലേക്കുള്ള ഒരു റോഡില്‍ നിന്നിരുന്ന ഫലസ്തീന്‍ ബാലനെ ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ അക്രമിക്കുകയായിരുന്നുവെന്നും ഇതില്‍ ഇടപെട്ടതാണ് ഇസ്‌റാഈല്‍ സൈന്യത്തെ പ്രകോപിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി.
മുസ്‌ലിം ലോകം ആദരപൂര്‍വം പരിഗണിക്കുന്ന ആരാധനാലയമാണ് ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ. ഈ പള്ളിയുടെ കോമ്പൗണ്ടിലേക്ക് ജൂതര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടെങ്കിലും ഇവിടെ നിന്ന് പ്രാര്‍ഥന നടത്താന്‍ നിയമം അനുവദിക്കുന്നില്ല. ജൂതന്‍മാരുടെ ചരിത്രത്തിലെ ദുരന്തങ്ങളുടെ വാര്‍ഷിക ആചാരത്തിന്റെ മുന്നോടിയായി പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ ഒരു ജൂതസ്ത്രീ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്താനെന്ന പേരില്‍ ഉണ്ടാക്കിയ വീഡിയോ പുറത്തുവന്നത് ജൂതര്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കിയിരിക്കുകയാണെന്ന് ഇസ്‌റാഈല്‍ ന്യൂസ് പേപ്പര്‍ ദി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest