Connect with us

Gulf

ജീവിത ശൈലിയും അമിത വണ്ണവും വന്ധ്യതക്ക് ഇടയാകുമെന്ന്

Published

|

Last Updated

ദുബൈ: അമിതവണ്ണവും തെറ്റായ ജീവിത ശൈലിയും ഗള്‍ഫ് നാടുകളില്‍ വന്ധ്യതക്ക് ഇടയാക്കുന്നതായി വെളിപ്പെടുത്തല്‍. ഇതോടൊപ്പം പ്രമേയവും പുകവലിയും വന്ധ്യതക്ക് ഇടയാക്കുന്നതായും ജുമൈറ ലേക്ക് ടവേഴ്‌സിലെ കണ്‍സീവ് ഫെര്‍ട്ടിലിറ്റി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. പങ്കജ് ശ്രീവാസ്തവ് വ്യക്തമാക്കി. വന്ധ്യത ഇന്ന് ലോകം മുഴുവനായുള്ള ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും യു എ ഇയില്‍ ആദ്യമായി ഐ വി എഫ് ശിശുവിന് ജന്മം നല്‍കാന്‍ മുഖ്യപങ്ക് വഹിച്ച ഡോ. പങ്കജ് പറഞ്ഞു. 1992ലായിരുന്നു ആ ചരിത്ര സംഭവം. ഇത്തരത്തില്‍ 2,000ലധികം കുഞ്ഞുങ്ങളെയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിറന്നത്.
ലോക ജനസംഖ്യയില്‍ 15 ശതമാനത്തോളം ദമ്പതികള്‍ ഇത്തരം പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഗര്‍ഭം ധരിക്കാന്‍ പ്രയാസം അനുഭവിക്കുന്ന കേസുകളും ഇതില്‍ ഉള്‍പെടും.
വന്ധ്യതക്ക് ഇടയാക്കുന്ന പ്രധാന ജനിതക പ്രശ്‌നം പോളിസിസ്റ്റിക് ഒവേറിയന്‍ സിണ്‍ഡ്രമാണ്. ഇതിന് പുറമെയാണ് ജീവിത ശൈലീ രോഗമായ പ്രമേഹവും മറ്റും സ്ത്രീകളെ വന്ധ്യതയിലേക്ക് നയിക്കുന്ന സ്ഥിതിയാണ് ലോകത്ത് നിലനില്‍ക്കുന്നത്.
സ്ത്രീക്ക് പ്രസവിക്കാനുള്ള ക്ഷമത ഏറ്റവും കൂടിയിരിക്കുന്ന കാലം 28നും 38നും ഇടയിലുള്ള പ്രായത്തിലാണ്. 40 വയസിന് ശേഷം ഈ ക്ഷമതയില്‍ വലിയ കുറവ് സംഭവിക്കും. 45 വയസിന് ശേഷം പ്രസവിക്കാനുള്ള ക്ഷമത 90 മുതല്‍ 95 ശതമാനം വരെ സ്ത്രീകളില്‍ കുറയുന്നതായാണ് പൊതുവില്‍ കണ്ടുവരുന്നത്.
പുരുഷന്മാരുടെ കേസില്‍ 70കളില്‍ പോലും അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ബീജം കരുത്തുള്ളതായിരിക്കുമെന്നും ഡോ. ശ്രീവാസ്തവ് തന്റെ ചികിത്സാ അനുഭവങ്ങള്‍ വിവരിച്ച് വ്യക്തമാക്കി.

Latest