Connect with us

National

രാജ്യസഭയില്‍ ചരിത്രം സൃഷ്ടിച്ച് മൂന്നാം വര്‍ഗ സംരക്ഷണ ബില്‍ പാസാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: 45 വര്‍ഷത്തിന് ശേഷം ഇതാദ്യമായി സ്വകാര്യ ബില്‍ രാജ്യസഭ ഏകകണ്ഠമായി പാസ്സാക്കി. മൂന്നാം വര്‍ഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബില്ലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണത്തോടെ പാസ്സാക്കിയത്. ഏറ്റവും അവസാനമായി സ്വകാര്യ ബില്‍ പാസ്സാക്കിയത് 1970 ലാണ്.
സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയതെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ പറഞ്ഞു. മൂന്നാം വര്‍ഗത്തിന് ദേശീയ തലത്തിലും സംസ്ഥാനതലങ്ങളിലും കമ്മീഷനുകള്‍ രൂപവത്കരിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ ബില്‍ ഡി എം കെ അംഗം തിരുച്ചി ശിവയാണ് അവതരിപ്പിച്ചത്. ഈ വിഭാഗത്തിനിതിരെയുള്ള ചൂഷണവും അതിക്രമങ്ങളും തടയുന്നതാണ് ബില്ല്. 58 വകുപ്പുകളും 10 അധ്യായങ്ങളുമുള്ള ബില്‍ ശൈശവ ഘട്ടം മുതല്‍ പ്രായമാകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. പ്രത്യേക കോടതിയും സ്ഥാപിക്കും. മൂന്നാം വര്‍ഗക്കാരുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യം വെച്ചുകൊള്ളുന്നതാണ് ബില്ലെന്ന് ശിവ പറഞ്ഞു. യു എസ് , യു കെ ,ക്യാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ബില്‍ പാസാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്‍ അവതരണ വേളയില്‍ ട്രഷറി ബഞ്ചില്‍ മുഴുവന്‍ അംഗങ്ങളും ഹാജരായിരുന്നു. എട്ട് ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 19 മന്ത്രിമാര്‍ സഭയിലുണ്ടായിരുന്നു. നിരവധി പ്രതിപക്ഷാംഗങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു ബില്‍ പാസ്സാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. പാസ്സാക്കിയ ശേഷം ശിവ എല്ലാ മുതിര്‍ന്ന അംഗങ്ങളെയും ഹസ്തദാനം ചെയ്തു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാതെ ജനാധിപത്യം പൂര്‍ണമാകില്ലെന്ന് ശിവ പറഞ്ഞു. മൂന്നാം വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് 4.5 ലക്ഷം മൂന്നാം വര്‍ഗക്കാരുണ്ടെന്നാണ് കണക്ക്.
ഇതിന് പുറമെ 20 മുതല്‍ 25 ലക്ഷം വരെ തിരിച്ചറിയപ്പെടാത്തവരുണ്ട്. ഇവരെല്ലാം വിവേചനത്തിനിരയാകുന്നവരാണെന്ന് ശിവ പറഞ്ഞു. രാജ്യസഭ ഏകകണ്ഠമായി ബില്‍ പാസ്സാക്കിയതിനെ കുറിച്ച് പരാമര്‍ശിക്കവെ ലോകം ഇന്നലെ രാജ്യസഭയെ ഉറ്റുനോക്കുകയായിരുന്നുവെന്ന് ശിവ പറഞ്ഞു. ഇത് ചരിത്രമുഹൂര്‍ത്തമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സാങ്കേതിക പ്രശ്‌നമുണ്ടെന്നും അത് കൊണ്ട് ബില്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ ചോദിച്ചപ്പോള്‍ ശിവ നിരസിച്ചു. ഇന്ത്യന്‍ പാര്‍ലിമെന്റ് 14 സ്വകാര്യ ബില്ലുകള്‍ പാസ്സാക്കിയിട്ടുണ്ടെന്ന് ശിവ രാജ്യസഭയെ അറിയിച്ചു.