Connect with us

Editorial

ഈ ഏറ്റുമുട്ടല്‍ കൊലകള്‍

Published

|

Last Updated

ദുരൂഹതയുണര്‍ത്തുന്നതാണ് ദക്ഷിണ ആന്ധ്രയിലെ ചിറ്റൂര്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടല്‍ കൊല. 12 തമിഴ്‌നാട്ടുകാര്‍ ഉള്‍പ്പെടെ 20 പേരാണ് പോലീസ് വെടിവെപ്പില്‍ ചൊവ്വാഴ്ച അവിടെ മരിച്ചത്. പോലീസ് ഭാഷ്യത്തില്‍ കൊല്ലപ്പെട്ടവര്‍ ചന്ദനക്കള്ളക്കടത്തുകാരാണ്. കത്തികളും കല്ലുകളുമായി അവര്‍ പോലീസിനെ അക്രമിച്ചപ്പോള്‍, സ്വയം രക്ഷക്കായാണ് പോലീസ് തിരിച്ചു വെടിവെച്ചതെന്നാണ് ആന്ധ്രപ്രദേശ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എം കന്തറാവുവിന്റെ വിശദീകരണം. തമിഴ്‌നാട്ടുകാര്‍ ഇത് വിശ്വസിക്കുന്നില്ല. തമിഴരായ പാവപ്പെട്ട തൊഴിലാളികളെ ചന്ദനക്കള്ളക്കടത്തുകാരെന്ന് മൂദ്രകുത്തി ആന്ധ്രാ പോലീസ് നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് തമിഴ്‌നാട് സര്‍ക്കാറും രാഷ്ട്രീയ കക്ഷികളും ആരോപിക്കുന്നത്. ചന്ദന കള്ളക്കടത്തുകാരെ പിടിക്കാന്‍ നിയമപരമായ നടപടികള്‍ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് പോലീസ് ആ മാര്‍ഗം സ്വീകരിച്ചില്ല? ഇതൊരു വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് തമിഴ് ജനത ഉറച്ചു വിശ്വസിക്കുന്നു.
കൊല്ലപ്പെട്ടവര്‍ക്ക് വെടിയേറ്റത് തലക്കും കഴുത്തിലുമാണെന്ന റിപ്പോര്‍ട്ട് തമിഴ്‌നാടിന്റെ വാദത്തെ ബലപ്പെടുത്തുന്നതാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ സന്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് വിലയിരുത്തിയ കമ്മീഷന്‍ ചെയര്‍മാന്‍ കെ ജി ബാലകൃഷ്ണന്‍, സ്ഥലം സന്ദര്‍ശിച്ച് തെളിവ് സ്വീകരിക്കുമെന്നും അറിയിച്ചു. ചന്ദനവേട്ടക്കാരുടെ വശമുണ്ടായിരുന്നത് കത്തിയും കല്ലുമായിരിക്കെ അത്യാധുനിക ആയുധങ്ങള്‍ കൈവശമുള്ള പോലീസിന് വെടിവെച്ചുകൊല്ലാതെ തന്നെ പിടികൂടാമായിരുന്നില്ലേ എന്ന സംശയവും അവശേഷിക്കുന്നു.
തെലങ്കാനയിലെ വാറങ്കലില്‍ കഴിഞ്ഞദിവസം തീവ്രവാദം ആരോപിക്കപ്പെടുന്ന അഞ്ച് യുവാക്കള്‍ പോലീസിന്റെ വെടിയേറ്റു മരിച്ച സംഭവം ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ചൊവ്വാഴ്ച രാവിലെ വാറങ്കല്‍ ജയിലില്‍നിന്നു കോടതിയില്‍ ഹാജരാക്കാന്‍ ഹൈദരാബാദിലേക്കു കൊണ്ടുപോകുംവഴി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഇവരെ വെടിവെച്ചതെന്നാണ് പോലീസിന്റെ അവകാശ വാദം. യാത്രക്കിടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഒരു പ്രതി അപ്രതീക്ഷിതമായി പോലീസുകാരുടെ തോക്ക് കൈക്കലാക്കി അവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവത്രേ. എന്നാല്‍ വാഹനത്തില്‍ ആയുധധാരികളായ 17 പോലീസുകാരുണ്ടായിട്ടും അഞ്ച് പ്രതികളില്‍ ഒരാളെ പോലും ജീവനോടെ കീഴടക്കാന്‍ സാധിച്ചില്ലെന്നത് അവിശ്വസനീയമായി തോന്നുക സ്വാഭാവികം.
രാജ്യത്ത് വ്യാപകമായി നടക്കുന്നുണ്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍. ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട് പ്രകാരം ആയിരക്കണക്കിന് വ്യാജ ഏറ്റുമുട്ടലുകളാണ് രാജ്യത്ത് അരങ്ങേറുന്നത്. 2009 മുതല്‍ 2013 വരെ 555 വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര വകുപ്പ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന് 2007 -2012 കാലത്തിനിടയില്‍ ലഭിച്ചത് വ്യാജ ഏറ്റുമുട്ടല്‍ കൊല സംബന്ധിച്ച 1671 പരാതികളാണ്. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സാധാരണമാണ്. കാട്ടുകള്ളന്മാരും നക്‌സലുകളെന്ന് ആരോപിക്കപ്പെടുന്നവരും ഗൂണ്ടകളുമാണ് ഈ സംസ്ഥാനങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ കൂടുതലും. വീരപ്പന്റെതുള്‍പ്പെടെ ശ്രദ്ധേയമായ ചില കൊലകളും ഈ ഗണത്തില്‍ പെടുന്നു. ഉത്തരേന്ത്യയില്‍ വംശഹത്യയുടെ ഒരു ഭാഗം തന്നെയായി മാറിയിട്ടുണ്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍. ഇത് സമര്‍ഥമായി നടപ്പാക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ പോലീസ് വിഭാഗം തന്നെയുണ്ട് ചില സംസ്ഥാനങ്ങളില്‍. പോലീസുകാര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ ഏല്‍ക്കാറില്ലെന്നതും പോലീസുകാരല്ലാതെ മറ്റ് ദൃക്‌സാക്ഷികളുണ്ടാകാറില്ലെന്നതും ഏറ്റുമുട്ടല്‍ കൊലകളുടെ പൊതുസ്വഭാവമാണ്. ചിറ്റൂര്‍ വനത്തിലും വാറങ്കലിലും നടന്ന കൊലകളിലും ഇതായിരുന്നു സ്ഥിതി.
ഈ രണ്ട് സംഭവങ്ങളിലും ദുരൂഹതകളുള്ളതിനാല്‍ സത്യ ന്ധമായ അന്വേഷണം ആവശ്യമാണ്. സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. അപൂര്‍വം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ഇരകളുടെ ബന്ധുക്കള്‍ക്ക് നീതി ലഭിക്കുകയോ ചെയ്യാറില്ല. ഉദ്യോഗസ്ഥരുടെ പ്രവൃത്തിയെ ന്യായീകരിക്കുകയും നിയമനടപടികളില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് സര്‍ക്കാറുകള്‍ ചെയ്യാറ്. ഈ ഗണത്തില്‍ പെടാന്‍ ഇടവരരുത് രണ്ട് കൂട്ടക്കൊലകളും. സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെ പോലീസ് ഉദ്യോഗസ്ഥര്‍ നിയമവിധേയമായാണ് പ്രവര്‍ത്തിച്ചതെങ്കില്‍ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ ജനങ്ങളെ അത് ബോധ്യപ്പെടുത്തട്ടെ.

Latest