Connect with us

Wayanad

രണ്ട് താത്കാലിക ഡോക്ടര്‍മാര്‍ മാത്രം; താളം തൈറ്റി അമ്പലവയല്‍ സാമൂഹികാരോഗ്യ കേന്ദ്രം

Published

|

Last Updated

അമ്പലവയല്‍: അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും ജീവനക്കാരുടെ അഭാവം മൂലം അമ്പലവയല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. അമ്പലവയല്‍, നെന്മേനി, മൂപ്പൈനാട് പഞ്ചായത്തുകളില്‍നിന്നും നീലഗിരി ജില്ലയില്‍നിന്നും നിരവധി രോഗികള്‍ നിത്യേനയത്തെുന്ന ആശുപത്രിയാണിത്. ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇവിടെ ഇല്ല.
താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന രണ്ട് ഡോക്ടര്‍മാരാണ് ഇത്രയും രോഗികളെ പരിശോധിക്കുന്നത്. ഇതിനുപുറമെ രണ്ട് സ്ഥിരം മെഡിക്കല്‍ ഓഫിസര്‍മാരുണ്ട്. ഇതില്‍ ഒരാള്‍ക്ക് അഞ്ച് പഞ്ചായത്തുകളിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിന്റെ ചുമതലയുണ്ട്. ഇതുമൂലം ആറുദിവസവും ഇദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങളിലായിരിക്കും. മറ്റൊരാള്‍ക്ക് ഓഫിസ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുമുണ്ട്. കോണ്‍ഫറന്‍സുകള്‍ക്ക് പോകേണ്ടതും ഇദ്ദേഹമായതിനാല്‍ രോഗികളെ പരിശോധിക്കാന്‍ സാധിക്കാറില്ല. 40ഓളം പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുണ്ടായിട്ടും 10ലധികം പേരെ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇവിടെ.
ഇതുമൂലം കൂടുതല്‍ പേരെയും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണ്. 70ഓളം ജീവനക്കാര്‍ വേണ്ടിടത്ത് ആകെ 30 പേര്‍ മാത്രമാണ് ഉള്ളത്. ഇതില്‍ ആറുപേര്‍ മെഡിക്കല്‍ ക്യാമ്പിലും 15ഓളം പേര്‍ ഫീല്‍ഡ് വര്‍ക്കിലും ആകുമ്പോള്‍ ബാക്കിയുള്ളവര്‍ നിത്യേനയത്തെുന്ന രോഗികള്‍ക്ക് ആവശ്യമായ സേവനം നല്‍കാനാവാതെ കുഴയുന്നു. കിടത്തി ചികിത്സ നടത്തുന്നവരെ പരിചരിക്കാന്‍ രാത്രിയില്‍ ആകെ ഒരു നഴ്‌സും അറ്റന്‍ഡറും മാത്രമാണ് ഉണ്ടാവുക.
കിടത്തി ചികിത്സിക്കുന്നവര്‍ക്ക് ഒരു സന്നദ്ധ സംഘടന രാവിലെയും ഉച്ചക്കും കഞ്ഞി നല്‍കുന്നുണ്ട്. രാത്രിഭക്ഷണം കുടുംബശ്രീയാണ് നല്‍കുന്നത്. െ്രെപമറി ഹെല്‍ത്ത് സെന്ററില്‍നിന്ന് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയെങ്കിലും “91 കാലഘട്ടത്തിലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും.
അഡ്മിറ്റാവുന്ന രോഗികള്‍ക്കുവേണ്ടി പുതിയ കെട്ടിടം 2010ല്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും ഇന്നുവരെ അത് ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. നിലവില്‍ പുരുഷ വാര്‍ഡ് പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തില്‍ എട്ടോളം ശുചിമുറികള്‍ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. ജല അതോറിറ്റിയുടെ ജലവിതരണ സംവിധാനമാണ് ആശ്രയം.
ഇതിനാല്‍ ജലക്ഷാമം പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ ആശുപത്രിയുടെ വിവിധ സ്ഥലങ്ങള്‍ ഭൂജല വകുപ്പ് അധികൃതര്‍ പലതവണ പരിശോധിച്ചിരുന്നു. എന്നാല്‍, ആശുപത്രിക്കാവശ്യമായ ജലം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന കാരണത്താല്‍ ഇത് നടന്നില്ല. ടൗണിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള കിണറിലെ വെള്ളം ഉപയോഗപ്പെടുത്തുന്നതിന് ബ്‌ളോക് പഞ്ചായത്ത് തുക മാറ്റിവെച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. അവശ്യമരുന്നുകള്‍ക്ക് ദൗര്‍ലഭ്യമല്ലെന്ന് ജീവനക്കാര്‍ പറയുന്നുണ്ട്. എന്നാല്‍, മരുന്നുകള്‍ പലപ്പോഴും പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നെന്നാണ് രോഗികളുടെ പരാതി.
ആദിവാസികള്‍ അടക്കമുള്ള നിര്‍ധനരായ രോഗികള്‍ക്ക് ഉച്ചക്കുശേഷം ഡോക്ടറുടെ സേവനം ലഭ്യമാകാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്. ആദ്യകാലങ്ങളില്‍ പ്രസവസൗകര്യമടക്കമുള്ള സൗകര്യങ്ങള്‍ മികച്ച രീതിയില്‍ നല്‍കി ചികിത്സയില്‍ മുന്നേറ്റമുണ്ടാക്കിയ ആശുപത്രിയാണിത്. മാസത്തില്‍ 4050 പോസ്റ്റ്‌മോര്‍ട്ടം വരെ നടക്കുന്ന ബത്തേരി ബ്‌ളോക്കിലെ ഏക ആശുപത്രിയും ഇതാണ്. നീലഗിരിയില്‍നിന്നടക്കമുള്ള പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ ഇവിടെയാണ് നടക്കുന്നത്. രണ്ട് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനമുണ്ട്. വൈദ്യുതി നിലച്ചാല്‍ അതും താറുമാറാകും.