Connect with us

Kozhikode

സംശയത്തിന്റെ പേരില്‍ ഭാര്യയെ കൊന്ന പ്രതിക്ക് ജീവപര്യന്തം

Published

|

Last Updated

കോഴിക്കോട്: സംശയത്തിന്റെ പേരില്‍ ഭാര്യയെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷ. കൊടിയത്തൂര്‍ പന്നിക്കോട് കൂടത്തുംപറമ്പിലെ വര്‍ഷ (21) കൊല്ലപ്പെട്ട കേസിലെ പ്രതി കൊണ്ടോട്ടി കുഴിമണ്ണ വളപ്പില്‍ക്കുണ്ട് കുന്നത്തുവീട്ടില്‍ സജീവിനെ (29) യാണ് കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ഡോ. കൗസര്‍ എടപ്പകത്ത് ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍ 50,000 രൂപ കൊല്ലപ്പെട്ട വര്‍ഷയുടെ മാതാവിന് നല്‍കാനും കോടതി നിര്‍ദേശിച്ചു.
2013 ഓഗസ്റ്റ് 30ന് തിരുവോണ ദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മുക്കത്തിനടുത്ത് നീലേശ്വരം പൂളപ്പൊയിലിലെ വാടക വീട്ടിലാണ് വര്‍ഷ കുത്തേറ്റു മരിച്ചത്. സജീവ് ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായതിനാല്‍ അമ്മക്കും സഹോദരനുമൊപ്പം താമസിക്കുകയായിരുന്നു വര്‍ഷ. സംഭവ ദിവസം വര്‍ഷയെ തിരികെ കൊണ്ടുപോകാന്‍ സജീവ് എത്തിയെന്നും ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പ്രകോപിതനായി കൊലപാതകം നടത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. കത്തികൊണ്ട് 40 ഓളം കുത്തുകളാണ് വര്‍ഷക്കേറ്റത്. വര്‍ഷയെ കൊലപ്പെടുത്തിയ ശേഷം കയ്യിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ സജീവും ശ്രമിച്ചിരുന്നു.
പ്ലസ്ടു പാസായ വര്‍ഷ വിവാഹ ശേഷം ഫാര്‍മസി കോഴ്‌സിന് ചേര്‍ന്നിരുന്നു. കൂലിപ്പണിക്കാരനായ തന്നേക്കാള്‍ വിദ്യാഭ്യാസമുള്ള വര്‍ഷക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച സജീവ് നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കേസിലെ ഏക ദൃക്‌സാക്ഷിയായ വര്‍ഷയുടെ അമ്മ ബേബിയുള്‍പ്പെടെ 20 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 33 തൊണ്ടി സാധനങ്ങളും 36 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍ ഷാജു ജോര്‍ജ് ഹാജരായി.