Connect with us

National

മിസോറാം ഗവര്‍ണറെ പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഡോ. അസീസ് ഖുറൈശിയെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കി. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്ക് മിസോറാമിന്റെ അധികച്ചുമതല നല്‍കിയിട്ടുണ്ട്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചതാണിത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒമ്പത് മാസത്തിനിടെ മിസോറാമില്‍ നിന്ന് പുറത്താകുകയോ സ്ഥലം മാറ്റുകയോ ചെയ്യപ്പെടുന്ന ആറാമത്തെ ഗവര്‍ണറാണ് ഖുറൈശി. തന്നെ നീക്കുന്നതിനെതിരെ 74കാരനായ ഖുറൈശി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ നിന്ന് കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ഖുറൈശിയെ മിസോറാമിലേക്ക് മാറ്റി നിയമിച്ചത്. 2017 മെയ് മാസം വരെ അദ്ദേഹത്തിന് സേവന കാലാവധി ഉണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് വക്കം പുരുഷോത്തമനെ നാഗാലാന്‍ഡിലേക്ക് മാറ്റിയപ്പോള്‍ അദ്ദേഹം സ്ഥാനം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ഗുജറാത്തില്‍ നിന്ന് 87കാരിയായ കമല ബേനിവാളിനെ മിസോറാമിലേക്ക് നിയോഗിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കമലയുമായി നിരന്തരം ശീതസമരത്തിലായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനെ മിസോറാമിലേക്ക് മാറ്റി. എന്നാല്‍ ഈ ഉത്തരവ് മാനിക്കാന്‍ തയ്യാറാകാതെ ശങ്കരനാരായണന്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.