Connect with us

Kerala

ജനറല്‍ ആശുപത്രിയിലെത്തിച്ച സിറിഞ്ചുകളില്‍ പൂപ്പല്‍ കണ്ടെത്തി

Published

|

Last Updated

പത്തനംതിട്ട: സംസ്ഥാന മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച സിറിഞ്ചുകളില്‍ മാലിന്യങ്ങളും പൂപ്പലും. കഴിഞ്ഞ ആഴ്ച എത്തിച്ച ഒരു ലോഡ് സിറിഞ്ചുകളിലാണ് പൂപ്പല്‍ ബാധയും മാലിന്യങ്ങളും കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അധികൃതരെയും വിവരം അറിയിച്ചെങ്കിലും ഉപയോഗിക്കാനായിരുന്നു നിര്‍ദേശം. പൂപ്പല്‍ ബാധിച്ച സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് എടുത്താല്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ മരണം വരെ സംഭവിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതോടെ ആശുപത്രിയിലെത്തിച്ച മുഴുവന്‍ സിറിഞ്ചും മാറ്റി നല്‍കണമെന്ന് സൂപ്രണ്ട് എസ് ശ്രിലത രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കി്‌ലും നടപടി ഉണ്ടായില്ല.
ഒരു ലക്ഷത്തോളം സിറിഞ്ചുകളാണ് ഇത്തരത്തില്‍ ഉപയോഗശൂന്യമായ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സിറിഞ്ചുകള്‍ വാര്‍ഡുകളിലേക്ക് തരം തിരിക്കുന്നതിനിടെ ജീവനക്കാരാണ് പൂപ്പല്‍ ബാധിച്ച സിറിഞ്ചുകള്‍ കണ്ടത്. പലതും മണ്ണ് അടക്കമുള്ള മാലിന്യങ്ങള്‍ നിറഞ്ഞ നിലയിലുള്ളതാണ്. ഛത്തീസ്ഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ സിറിഞ്ചുകള്‍ ഇറക്കുമതി ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇവര്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിന് സിറിഞ്ച് , നീഡില്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നത്. ഇതിനു മുമ്പും ഇത്തരത്തില്‍ പൂപ്പല്‍ ബാധിച്ച സിറിഞ്ചുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം കാരണം ജീവനക്കാര്‍ പരാതി നല്‍കിയിരുന്നില്ല.

Latest