Connect with us

Malappuram

പരിമിതികളില്‍ വീര്‍പ്പുമുട്ടി മഞ്ചേരി സബ് ജയില്‍

Published

|

Last Updated

മഞ്ചേരി: ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറം തടവുകാരെ പാര്‍പ്പിക്കേണ്ടി വന്ന് മഞ്ചേരി സബ് ജയില്‍ പരിമിതികളില്‍ വീര്‍പ്പുമുട്ടുന്നു. 29 പുരുഷ തടവുകാര്‍ക്കും 12 സ്ത്രീ തടവുകാര്‍ക്കും സൗകര്യമുള്ള ജയിലില്‍ ഇപ്പോള്‍ നാല് വനിതകളടക്കം 78 തടവുകാരുണ്ട്. ഇത്രയും പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ അധികൃതര്‍ ഏറെ പ്രയാസപ്പെടുകയാണ്.
അരിയും പലവ്യഞ്ജനങ്ങളും സപ്ലൈ ചെയ്യാന്‍ കരാറെടുത്തയാള്‍ക്ക് കഴിഞ്ഞ അഞ്ചുമാസമായി പണം നല്‍കിയിട്ടില്ല. ആറു ലക്ഷത്തോളം രൂപയാണ് ഈയിനത്തില്‍ കുടിശ്ശികയുള്ളത്. ആഴ്ചയില്‍ രണ്ടു ദിവസം വിസ്തരിച്ചു കുളിക്കാന്‍ തടവുകാര്‍ക്ക് എണ്ണയും സോപ്പും നല്‍കി വരുന്നുണ്ട്. ഇത്രയും തടവുകാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആവശ്യമായ ജീവനക്കാരില്ലാത്തതാണ് ജയില്‍ അഭിമുഖീകരിക്കുന്ന മറ്റൊരു വെല്ലു വിളി. ആകെയുള്ള ഒമ്പത് വാര്‍ഡര്‍മാരില്‍ രണ്ടു പേര്‍ നാനൂറ് രുപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരും മറ്റൊരാള്‍ ട്രൈനിംഗിലുമാണ്. മൂന്ന് വനിതാ വാര്‍ഡര്‍മാരുമുണ്ട്. ഹെഡ് വാര്‍ഡര്‍മാരായി ആറ് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍ വേണ്ട സ്ഥാനത്ത് കേവലം മൂന്ന് പേര്‍ മാത്രമാണുള്ളത്. ഇക്കഴിഞ്ഞ ദിവസം റിമാന്‍ഡ് തടവുകാരന്‍ എടക്കര മൂത്തേടം കണ്ണന്‍ എന്ന ഗോപാലന്‍ മരണപ്പെട്ടത് 15 തടവുകാര്‍ താമസിച്ചിരുന്ന സെല്ലിലാണ്.
കുടിവെള്ളമാണ് മഞ്ചേരി സബ്ജയില്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. കുടിവെള്ളത്തിനായി കുഴല്‍ കിണറിനെ ആശ്രയിക്കുന്ന ജിയിലില്‍ വേനല്‍ കനത്തതോടെ ജലലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത്രയും തടവുകാര്‍ക്ക് കുടിക്കാനും കുളിക്കാനും വസ്ത്രമലക്കാനും മറ്റു പ്രഥമിക ആവശ്യങ്ങള്‍ക്കുമായി ഈ വെള്ളം തികയാതെ വരുന്നു. ആഴ്ചയില്‍ രണ്ടു ദിവസമാണ് തടവുകാര്‍ക്ക് കുളി അനുവദിച്ചിട്ടുള്ളതെങ്കിലും ചൂട് സഹിക്കാനാവാതെ തടവുകാര്‍ കുളിക്കുമ്പോള്‍ അധികൃതര്‍ കണ്ണടക്കാറാണ് പതിവ്. 2011 മുതല്‍ മഞ്ചേരി സബ്ജയില്‍ സ്‌പെഷ്യല്‍ സബ്ജയില്‍ കാറ്റഗറിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വെറും കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്നാണ് ജീവനക്കാരുടെ പരാതി.

Latest