Connect with us

Wayanad

കുരങ്ങുശല്യം: തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നിവാരണ സമിതി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ കുരങ്ങുപനി രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കല്‍പ്പറ്റയിലും പരിസര പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്ന കുരങ്ങുശല്യം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുരങ്ങുശല്യ നിവാരണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കുരങ്ങുകളെ പിടികൂടി ദൂരെയുള്ള കാടുകളില്‍ വിടാനും വന്ധ്യംകരിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. രോഗം പകരാതിരിക്കാന്‍ കുരങ്ങുകളുള്ള വനപ്രദേശത്തേക്ക് പോകരുതെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വനംവകുപ്പിന്റെ കണക്കനുസരിച്ച് 4000ത്തിലേറെ കുരങ്ങുകള്‍ കല്‍പ്പറ്റയില്‍ ഉണ്ട്. കുരങ്ങുകളെ പേടിച്ച് നിലവില്‍ താമസിക്കുന്ന സ്ഥലം ഒഴിവാക്കി എങ്ങോട്ട് പോകാനാണെന്ന് ഭാരവാഹികള്‍ ചോദിച്ചു. ഈ സാഹചര്യത്തില്‍ ഈ മാസം 28ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ നിവാസികള്‍ നഗരസഭാ ഓഫീസ് ഉപരോധിക്കും.
കല്‍പ്പറ്റ ടൗണിലുള്ള കുരങ്ങുകളെ കൂടുവെച്ച് പിടിച്ച് ഉള്‍വനത്തില്‍ വിടാന്‍ 2005 ജുലൈ 29ന് കല്‍പ്പറ്റ മുന്‍സീഫ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരായിരുന്നു കേസിലെ എതിര്‍കക്ഷികള്‍. ഇവ മുന്‍സീഫ് കോടതി ഉത്തരവിനെതിരേ ബത്തേരി സബ് കോടതിയില്‍ നിന്നു സ്‌റ്റേ വാങ്ങി. എട്ടുവര്‍ഷത്തിനു ശേഷം 2013 ല്‍ സ്‌റ്റേ ഒഴിവാക്കി കീഴ്‌കോടതി വിധി നടപ്പാക്കണമെന്നാണ് കോടതി വിധിച്ചത്. മൂന്നുമാസമാണ് ഇതിന് കോടതി സമയം അനുവദിച്ത്. എന്നിട്ടും കുരങ്ങുശല്യം പരിഹരിക്കാന്‍ നടപടിയില്ലെന്നു വന്നപ്പോള്‍ ജനങ്ങള്‍ കുരങ്ങു ശല്യ നിവാരണ സമിതി രൂപീകരിച്ചു. ഡി.എഫ്.ഒ ഓഫീസ്, കലക്ടറേറ്റ് മാര്‍ച്ച് എന്നിവ സംഘടിപ്പിച്ചു. ഇതേ തുടര്‍ന്ന് കല്‍പ്പറ്റ ഗനരസഭാ അധികൃതരും എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യും ഇടപെട്ട് യോഗം വിളിച്ചു ചേര്‍ത്തു. കുരങ്ങുകളെ കൂടുവെച്ച് പിടികൂടി, പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ വന്ധ്യംകരിച്ച് വനത്തില്‍ വിടാനാണ് അന്നത്തെ യോഗത്തില്‍ തീരുമാനമായത്. അതിന്റെ ചെലവിലേക്കായി നഗരസഭ 36,50000 രൂപ വികസന രേഖയില്‍ വകയിരുത്തി. എന്നാല്‍ പിന്നീട് കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് കുരങ്ങു ശല്യ നിവാരണ സമിതിയുടെ ആരോപണം. പി.പി ഗോപാലകൃഷ്ണന്‍, ബാബു വര്‍ഗീസ്, കല്ലങ്കോടന്‍ അബ്ദുള്ള, പി. സൈനുദീന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.