Connect with us

Gulf

കഴിഞ്ഞ വര്‍ഷം വിദേശികള്‍ നാട്ടിലേക്കയച്ചത് 14,000 കോടി ദിര്‍ഹം

Published

|

Last Updated

അബുദാബി;രാജ്യത്ത് തൊഴിലെടുത്തും വ്യാപാരം നടത്തിയും ജീവിക്കുന്ന വിദേശികള്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്കയച്ച പണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
14,000 കോടി ദിര്‍ഹമാണ് കഴിഞ്ഞ വര്‍ഷം വിദേശികള്‍ സ്വദേശങ്ങളിലേക്കയച്ചത്. ഇതില്‍ സ്വകാര്യ വ്യക്തികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ഇടപാടുകള്‍ ഉള്‍പ്പെടും. 2013നെ അപേക്ഷിച്ച് 12-15 ശതമാനത്തിന്റെ വര്‍ധനവാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തുള്ള വിവിധ എക്‌സ്‌ചേഞ്ചുകള്‍ വഴി അയച്ച പണത്തിന്റെ കണക്കാണിത്.
നടപ്പുവര്‍ഷത്തിലും വിദേശികളയക്കുന്ന പണത്തിന്റെ കണക്കില്‍ വര്‍ധനവ് പ്രകടമാണെന്നും അധികൃതര്‍. 2014 ജനുവരിയില്‍ അയച്ചതിനേക്കാള്‍ 10 ശതമാനത്തിന്റെ വര്‍ധനയാണ് നടപ്പുവര്‍ഷം ഇതേ മാസം രേഖപ്പെടുത്തിയത്. രാജ്യത്തെ വ്യാവസായിക മേഖലകളിലുണ്ടായ ഉണര്‍വാണ് ഇത് സൂചിപ്പിക്കന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. യൂറോ, ഇന്ത്യന്‍ രൂപ തുടങ്ങിയ ചില വിദേശ കറന്‍സികളുടെ കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന മൂല്യത്തകര്‍ച്ചയും ഈ വര്‍ധനവിന് കാരണമായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണക്ക് സംഭവിച്ച വിലയിടിവ് ഇടപാടുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ വ്യക്തമാക്കി. ഈ വര്‍ഷാദ്യം മുതല്‍ തന്നെ സ്വദേശങ്ങളിലേക്ക് പണമയക്കാന്‍ വിദേശികളുടെ തിരക്കുണ്ട്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലുണ്ടായതിനേക്കാള്‍ അധികമാണിത്.
അമേരിക്കന്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 6.5 ശതമാനത്തിന്റെ മൂല്യത്തകര്‍ച്ചയാണ് യൂറോ നേരിട്ടത്. ഈജിപ്തിന്റെ ജുനൈഹ്, ഇന്ത്യന്‍ രൂപ തുടങ്ങിയവക്ക് സംഭവിച്ച മൂല്യത്തകര്‍ച്ചയും വിദേശങ്ങളിലേക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി പണമൊഴുകാന്‍ കാരണമായതായി പണമിടപാടുസ്ഥാപനങ്ങള്‍ അറിയിച്ചു.
എണ്ണയുടെ വിലയിടിവുണ്ടായെങ്കിലും രാജ്യത്തെ ഫെഡറല്‍, ലോക്കല്‍ ബജറ്റുകളിലെ ശക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും എക്‌സ്‌ചേഞ്ച് വ്യാപാര മേഖലയെ താങ്ങിനിര്‍ത്തിയതായും രാജ്യത്തെ സാമ്പത്തിക മേഖലയെക്കുറിച്ച് ജനങ്ങള്‍ക്ക് വിശ്വാസ്യത വര്‍ധിപ്പിച്ചതായും അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ഉസാമ അല്‍ റഹ്മ പറഞ്ഞു.

---- facebook comment plugin here -----

Latest