Connect with us

Malappuram

സാഹിതി സാഹിത്യോത്സവം സമാപിച്ചു

Published

|

Last Updated

തിരൂര്‍: മലയാളസര്‍വകലാശാലയുടെ രണ്ടാമത് അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം “സാഹിതി” 2015 സമാപിച്ചു. വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഉപസംഹാരപ്രസംഗം നടത്തി.
മലയാളസാഹിത്യത്തെ നയിക്കാന്‍ പറ്റിയ നായകന്‍മാര്‍ പുതുതലമുറയിലുണ്ട് എന്ന് വിളിച്ചറിയിക്കുന്നതാണ് സാഹിതിയുടെ പ്രചോദിപ്പിക്കുന്ന കണ്ടെത്തലെന്ന് അദ്ദേഹം പറഞ്ഞു.
മലയാളസാഹിത്യത്തെപ്പറ്റി അഭിമാനവും പ്രതീക്ഷയും ഉയര്‍ത്താന്‍ സാഹിതി സഹായിക്കും. മലയാളത്തിന് സ്വന്തമായ ഭാഷയുണ്ട്, പൈതൃകമുണ്ട് എന്ന് അറിയിക്കാനുള്ള ശ്രമം കൂടിയാണ് സാഹിതിയെന്നും ജയകുമാര്‍ പറഞ്ഞു. പി വത്സല, മാനസി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാര്‍, പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവരും, അപര്‍ണ (മഹാത്മാഗാന്ധി സര്‍വകലാശാല, എല്‍ദോസ് (സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, കാസര്‍ഗോഡ്), മുഹമ്മദ് ആസിഫ് (വെറ്ററിനറി കോളജ്, വയനാട്), മൃണാള്‍ എന്‍.എസ്. (ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജ്, പാലക്കാട്) എന്നിവരും സംസാരിച്ചു. രജിസ്ട്രാര്‍ കെ വി. ഉമര്‍ ഫാറൂഖ് നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും 450 ഓളം വിദ്യാര്‍ഥികളും അധ്യാപകരും മൂന്നു നാള്‍ സാഹിതി സാഹിത്യോത്സവത്തിന്റെ പങ്കാളികളായി. മൂന്നു നാളുകളിലായി 35 പ്രമുഖ എഴുത്തുകാരാണ് സാഹിതി നയിച്ചത്. സാഹിത്യത്തിലെ സമകാലിക അവസ്ഥകളെ വിശകലനം ചെയ്യുന്നതായിരുന്നു ചര്‍ച്ചകള്‍. എഴുത്തുകാരന്റെ സര്‍ഗജീവിതത്തെയും എഴുത്ത് രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്നതായിരുന്നു അഭിമുഖങ്ങള്‍. കാവ്യ സായാഹ്നവും കവികളുടെ മുഖാമുഖവും ചൊല്‍ക്കവിതകളുടെ താളംകൊണ്ടും ആധുനികാനന്തര കവിതയുടെ സൃഷ്ട്യുന്മുഖത കൊണ്ടും പുതിയ തലങ്ങള്‍ തീര്‍ത്തു.
സാഹിത്യോത്സവത്തോടൊപ്പം നടത്തിയ, പ്രമുഖ 17 പ്രസാധകര്‍ പങ്കെടുത്ത പുസ്തകോത്സവം സാഹിതിയെ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കി.

Latest