Connect with us

Gulf

വധശിക്ഷ: ബന്ധുക്കളുടെ കനിവിന്നായി മലയാളി കുടുംബങ്ങള്‍

Published

|

Last Updated

ഷാര്‍ജ: 2008 ല്‍ ഷാര്‍ജയില്‍ നടന്ന, കുനിയില്‍ മനോജ് എന്നയാളുടെ കൊലപാതകത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് മലയാളികളുടെ കുടുംബങ്ങള്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ കനിവ് തേടുന്നു. കാസര്‍കോട് സ്വദേശികളായ സക്കരിയ്യ മണ്ടിയന്‍പുരയില്‍, ബഷീര്‍ കുണ്ടംകടത്ത്, അന്‍വര്‍ സാലിതിരുത്ത് എന്നിവരാണ് കൊല്ലപ്പെട്ട കുനിയില്‍ മനോജിന്റെ കുടുംബത്തിന്റെ കരുണയ്ക്കായി കാത്തിരിക്കുന്നത്. കുടുംബം മാപ്പ് നല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൂവരും.
2008ല്‍ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി കുനിയില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ 2011ലാണ് മൂവര്‍ക്കം വധശിക്ഷ വിധിച്ചത്. മനോജിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന കാസര്‍കോട് സ്വദേശി രാജീവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 10 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. നാലാം പ്രതി കൊയിലാണ്ടി സ്വദേശി വീരേന്ദ്രകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഇയാളുടെ അമ്മാവന്റെ മകനായ മനോജിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. 15 വര്‍ഷം തടവിന് വിധിക്കപ്പെട്ട വീരേന്ദ്ര കുമാര്‍, അഞ്ച് വര്‍ഷം തടവ് ലഭിച്ച കൂട്ടുപ്രതി ഫഖ്‌റുദ്ദീന്‍ അറക്കവീട്ടില്‍ എന്നിവര്‍ ഇപ്പോള്‍ ഷാര്‍ജ ജയിലില്‍ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ആറാം പ്രതി അബ്ദുല്‍ മജീദ് നാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കുകയാണ്. ഇയാള്‍ക്കും അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്. യു എ ഇ ക്രിമിനല്‍ നിയമം, ഇസ്‌ലാമിക് ശരിഅത്ത് നിയമം എന്നിവയനുസരിച്ചാണ് മൂവരെയും വധഷിക്ഷക്ക് വിധിച്ചത്. സാധാരണ വിധിയില്‍ രണ്ട് ലക്ഷം ദിര്‍ഹം ( മുപ്പത്തി നാല് ലക്ഷം രൂപ) ദിയാധനം വിധിക്കാറുണ്ടെങ്കിലും ഈ കേസില്‍ അത്തരമൊരു വിധി ഉണ്ടായിട്ടില്ല. ഷാര്‍ജ ഷര്‍ഖാന്‍ ഖാദിസിയയില്‍ 2008 ജൂണിലാണ് കൊലപാതകം നടന്നത്. ബന്ധുക്കളായ വീരേന്ദ്രകുമാറും മനോജും തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമായത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം പ്രതികള്‍ നാലായിരം ദിര്‍ഹം കൈപ്പറ്റി കൊല നടത്തിയെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. വധശിക്ഷയില്‍ നിന്ന് മോചനം ആവിശ്യപ്പെട്ട് പ്രതികള്‍ ഷാര്‍ജ അപ്പീല്‍ കോടതി ഉള്‍പെടെയുള്ളവയില്‍ ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന ഹര്‍ജി നല്‍കിയിരിക്കുകയാണ്്. കൊല്ലപ്പെട്ട മനോജിന്റെ ബന്ധുക്കള്‍ മാപ്പ് നല്‍കാന്‍ തയ്യാറായാല്‍ പ്രതികള്‍ക്ക് വധശിക്ഷയില്‍ നിന്ന് മോചനം നേടാം. ഷാര്‍ജ കോടതി നിരവധി തവണ കുനിയില്‍ മനോജിന്റെ ബന്ധുക്കളുടെ പ്രതികരണം തേടിയിരുന്നു. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേനയാണ് കോടതി കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്.

Latest