Connect with us

Gulf

സിറിയ, ഇറാഖ് രാജ്യങ്ങളുടെ വഴിയേ ലിബിയ

Published

|

Last Updated

സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥ ലിബിയയിലേക്കും പടരുകയാണ്. ഡര്‍ന എന്ന നഗരം ഇസ്‌ലാമിക് സ്റ്റേറ്റി (ദാഇഷ്)ന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ വെച്ചാണ് 21 കോപ്റ്റിക് ക്രിസ്ത്യാനികള്‍ വധിക്കപ്പെട്ടത്. ദാഇഷ് കേന്ദ്രങ്ങള്‍ക്കു നേരെ ഈജിപ്ത് വ്യോമാക്രമണം നടത്തിയെങ്കിലും ഫല പ്രദമായില്ല. കൂടുതല്‍ നഗരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ദാഇഷ്.

ലിബയയുടെ പ്രധാന നഗരങ്ങളിലൊന്നായ സിര്‍ത്തിലാണ് 21 കോപ്റ്റിക് ക്രിസ്ത്യാനികള്‍ വധിക്കപ്പെട്ടത്. ഇവിടെ ഏതാണ്ട് 50,000 ദാഇഷ് സായുധര്‍ ഉണ്ടെന്ന് സി എന്‍ എന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ ഒക്‌ടോബറിലാണ് സിര്‍ത്തില്‍ അവര്‍ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട്, അതിവേഗം വളരുകയായിരുന്നു. ഡര്‍നയിലും സമാന വളര്‍ച്ച നേടി. ദാഇഷ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടന്നു. പ്രകടനത്തില്‍ 800 പേര്‍ പങ്കെടുത്തു. ലിബിയയുടെ കിഴക്കന്‍ പ്രവിശ്യയായ ബര്‍ക്ക, പടിഞ്ഞാറുള്ള ട്രിപ്പോളിറ്റാന, തെക്കുള്ള ഫിസാന്‍ എന്നിവ ഖലീഫാ രാജ്യത്തില്‍ ഉള്‍പ്പെട്ടതായി ദാഇഷ് ശൂറാകൗണ്‍സില്‍ അവകാശപ്പെട്ടു.
ലിബിയയില്‍ വരവറിയിച്ച് ആദ്യം ചെയ്തത് ട്രിപ്പോളിയിലെ ഒരു ഹോട്ടല്‍ ആക്രമണമായിരുന്നു. 10 പേര്‍ കൊല്ലപ്പെട്ടു. സൊവാനയിലുള്ള ലിബിയന്‍ സൈനിക കേന്ദ്രത്തിനുനേരെ ആക്രമണം നടത്തി 16 പേരെ വധിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ദാഇഷിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
അല്‍ ഖാഇദയാണ് ലിബിയയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും അതിനെ മുല്ലപ്പു വിപ്ലവമെന്ന് വിശേഷിപ്പിക്കരുതെന്നും കേണല്‍ ഗദ്ദാഫി മുമ്പ്, അഭ്യര്‍ഥിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ചെവിക്കൊണ്ടില്ല. അതിന്റെ പരിണത ഫലമാണ് അനുഭവിക്കുന്നത്.
ഗദ്ദാഫി വധിക്കപ്പെട്ടശേഷം ലിബിയക്ക് നാഥനില്ലാത്ത അവസ്ഥവന്നു. ഓരോ പ്രദേശങ്ങളിലും യുദ്ധ പ്രഭുക്കള്‍ നിയന്ത്രണം ഏറ്റെടുത്തു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ വന്ന സര്‍ക്കാറിന് ജനങ്ങളുടെ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞില്ല.
ഇറ്റലിയുടെ കോളനിയായിരുന്നു ലിബിയ. 1959ല്‍ ലിബിയയില്‍ ഇ എന്‍ ഐ എന്ന എണ്ണക്കമ്പനി സ്ഥാപിച്ചത് ഇറ്റലിയാണ്‌കേണല്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായപ്പോഴും ഇറ്റലിക്കാര്‍ക്ക് ലിബിയയില്‍ കണ്ണുണ്ടായിരുന്നു. എണ്ണ സമ്പന്നമായ ലിബിയ പിടിച്ചടക്കണമെന്ന് ഇറ്റലി പലപ്പോഴും ആഗ്രഹിച്ചു. അതാണ്, അവസരം ഒത്തുവെന്നപ്പോള്‍ ഗദ്ദാഫിയെ വധിക്കാന്‍ ഇറ്റലി തീരുമാനിച്ചത്.
109 മൈല്‍ ദൂരെയുള്ള ഇറ്റലി സമീപ ദിവസങ്ങളില്‍ ലിബിയയില്‍ വീണ്ടും ആക്രമണം നടത്തും. കഴിഞ്ഞ ദിവസം ലിബിയയിലെ സിന്താനില്‍ വ്യോമാക്രമണം നടന്നിരുന്നു. ഇറ്റലിയുടെ സമ്മര്‍ദത്തിനു വഴങ്ങി ലിബിയന്‍ സൈന്യമാണ് ബോംബാക്രമണം നടത്തിയത്. ഇതൊന്നും പക്ഷേ ദാഇഷിന്റെ പിന്‍മാറ്റത്തിന് മതിയാകുന്നില്ല. ലിബിയയുടെ തന്ത്ര പ്രധാന സ്ഥലങ്ങളിലെല്ലാം ദാഇഷ് നുഴഞ്ഞുകയറിയിട്ടുണ്ട്. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെപ്പോലെ വ്യാപകമായി ചോരപ്പുഴ ഒഴുകുമെന്നാണ് ഏവരും ഭയക്കുന്നത്.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest