Connect with us

Malappuram

മാതാപിതാക്കള്‍ വില്‍പ്പന നടത്തിയ 12കാരനെ സി ഡബ്ല്യു സി ഏറ്റെടുത്തു

Published

|

Last Updated

മഞ്ചേരി: മാതാപിതാക്കള്‍ തെരുവ് കച്ചവടക്കാരന് വില്പന നടത്തിയ രാജസ്ഥാന്‍ ചിത്തോഡ്ഗഡ് നിമ്മോല സ്വദേശിയായ പന്ത്രണ്ടുകാരനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഏറ്റെടുത്തു. മഞ്ചേരി സാമൂഹ്യ പ്രവര്‍ത്തകനായ അഡ്വ. എ പി ഇസ്മയിലാണ് കുട്ടിയെ സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് കുട്ടിയെ കമ്മറ്റി മുമ്പാകെ ഹാജരാക്കാന്‍ സി ഡബ്യു സി അംഗം അഡ്വ. കൊരമ്പയില്‍ നജ്മല്‍ ബാബു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. രാത്രി 10 മണിക്കും ഉറക്കമൊഴിച്ച് ജോലി ചെയ്യുകയായിരുന്ന കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ ജുനൈദ്, മുഹ്‌സിന്‍ പരി എന്നിവര്‍ നേരിട്ടെത്തി അന്വേഷണം നടത്തി ഏറ്റെടുത്ത് ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
നാലാം ക്ലാസില്‍ പഠിച്ചു വരികയായിരുന്ന കുട്ടിയെ പ്രതിമാസം 1000 രൂപക്കാണ് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വിറ്റത്. തന്റെ സമ്മതപ്രകാരമല്ല വിറ്റതെന്നും സ്‌കൂളില്‍ പോകാന്‍ അതിയായ ആഗ്രഹമുണ്ടെന്നും കുട്ടി സി ഡബ്ല്യു സി മുമ്പാകെ മൊഴി നല്‍കി. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ജില്ലാ ജുവനൈല്‍ പൊലീസ് യൂനിറ്റിനോട് നിര്‍ദേശം നല്‍കി.
ഇടതു കൈക്ക് ഗുരുതരമായ പരുക്കേറ്റ് അവശ നിലയിലായ കുട്ടിക്ക് അടിയന്തിര ചികിത്സ നല്‍കാനും ഉത്തരവിട്ടു. കുട്ടിയുടെ സാമൂഹ്യപശ്ചാത്തല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പുനരധിവാസ നടപടികള്‍ക്കും കലക്ടര്‍ ചെയര്‍മാനായ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest