Connect with us

Ongoing News

കൂറുമാറ്റം: ഏഴ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി

Published

|

Last Updated

തിരുവനന്തപുരം: കൂറുമാറ്റ നിരോധ നിയമം ലംഘിച്ച തൃശൂര്‍ പനച്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴ് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍നായര്‍ അയോഗ്യരാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇവരെ ആറ് വര്‍ഷത്തേക്ക് വിലക്കിയിട്ടുമുണ്ട്. പനച്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി വി പത്രോസ് സമര്‍പ്പിച്ച ഏഴ് വ്യത്യസ്ത ഹരജിയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനര്‍ പൊതു വിധിന്യായം പുറപ്പെടുവിച്ചത്.
തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളായി നിന്ന് വിജയിച്ച എം ടി സന്ദീപ്, റോയി കെ ദേവസി, കെ പി ചാക്കോച്ചന്‍, റോസിലി, ഏലിയാമ്മ, ശകുന്തള ഉണ്ണികൃഷ്ണന്‍, സിന്ധു സുരേഷ് എന്നിവര്‍ക്കാണ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചത്. പനച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന യു ഡി എഫിലെ പി വി പത്രോസിനെതിരെ പാര്‍ട്ടി നിര്‍ദേശമില്ലാതെ ഇവര്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രമേയം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇവര്‍ അനുകൂലിച്ചതിനെ തുടര്‍ന്ന് പ്രമേയം പസാക്കുകയും പി വി പത്രോസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയുമുണ്ടായി.
പഞ്ചായത്തംഗങ്ങളുടെ ഈ നടപടി കൂറുമാറ്റ നിരോധ നിയമത്തിന്റെ ലംഘനമാണെന്ന ഹരജിക്കാരന്റെ വാദം കമ്മീഷന്‍ അംഗീകരിച്ചു. അഡ്വ. വി ഭുവനചന്ദ്രന്‍ നായരും അഡ്വ. ആര്‍ രവീന്ദ്രന്‍ നായരുമാണ് ഹരജിക്കാരനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ ഹാജരായത്.

Latest