Connect with us

National

മഞ്ജിയും നിതീഷും ഗവര്‍ണറെ കണ്ടു; ബീഹാറില്‍ പ്രതിസന്ധി രൂക്ഷം

Published

|

Last Updated

പാറ്റ്‌ന: ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായി മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ജിയും ജെ ഡി യു നിതീഷ് കുമാറും ഗവര്‍ണറെ കണ്ടു.
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ ഒരുക്കമാണെന്നും ഗവര്‍ണറെ കണ്ട ശേഷം മഞ്ജി വ്യക്തമാക്കി. നിയമസഭാ കക്ഷി നേതാവായുള്ള നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയ മഞ്ജി വിശ്വാസ വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ നടത്തണമെന്നും വോട്ടെണ്ണുന്ന സമയത്ത് നിതീഷ് കുമാര്‍ സഭയില്‍ ഉണ്ടായിരിക്കരുതെന്നും ആവശ്യപ്പെട്ടു. രണ്ട് സ്വതന്ത്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭയിലെ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ട് ജെ ഡി യു നേതാവ് നിതീഷ് കുമാറും ബീഹാറിന്റെ അധിക ചുമതല വഹിക്കുന്ന ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ സമീപിച്ചു. ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്, പാര്‍ട്ടി പ്രസിഡന്റ് ശരത് യാദവ്, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സദാനന്ദ് സിംഗ്, സി പി ഐ നേതാവ് അവദേശ് റായ് എന്നിവരോടൊപ്പമാണ് നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാനെത്തിയത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിക്കാത്ത പക്ഷം പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പാറ്റ്‌നയിലെ രാജ്ഭവിനു മുന്‍വശം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ നേതാക്കള്‍ പറഞ്ഞു.
പാര്‍ട്ടിക്കുള്ള ഭൂരിപക്ഷ പിന്തുണ ഗവര്‍ണറെ അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയായി എത്രയും വേഗം സര്‍ക്കാര്‍ രൂപവത്കരണത്തിനായി പാര്‍ട്ടിയെ ക്ഷണിക്കാനും ആവശ്യപ്പെട്ടു. തീരുമാനത്തില്‍ കാലതാമസം വരുത്തുന്നത് രാഷ്ട്രീയ കുതിര കച്ചവടത്തിന് വഴിയൊരുക്കുമെന്നും ഭരണഘടനയുടെ പത്താം വകുപ്പിന്റെ ലംഘനമായിരിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രീയവും ഭരണപരവുമായ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയാണ് ബി ജെ പിയെന്നും നിതീഷ് ആരോപിച്ചു. ബി ജെ പിയുടെത് രാഷ്ട്രീയ കള്ളക്കളികളാണ്. ഇപ്പോഴത്തെ അനിശ്ചിതാവസ്ഥക്ക് പിറകില്‍ ബി ജെ പിയാണ്. എല്ലാം അവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടക്കുന്നത്. ഈ സ്തംഭനാവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും നിതിഷ് കുമാര്‍ പറഞ്ഞു.
130 എം എല്‍ എമാരോടൊപ്പമാണ് അദ്ദേഹം ഗവര്‍ണറെ കാണാനെത്തിയത്. ഏത് സമയവും ഗവര്‍ണര്‍ക്കുമുമ്പാകെ ഹാജരാകാന്‍ മുഴുവന്‍ രേഖകളുമായി എം എല്‍ എമാര്‍ രാജ്ഭവന് മുമ്പാകെ നിലയുറപ്പിക്കുകയായിരുന്നു.
മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ എം എല്‍ എമാരുമായി ഡല്‍ഹിയിലെത്തി രാഷ്ട്രപതിയെ കാണാനാണ് നിതീഷ് കുമാറിന്റെ തീരുമാനം. ഇതിനായി ഇന്നത്തെ ഡല്‍ഹി വിമാനത്തില്‍ 140 സീറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. അതിനിടെ ജിതിന്‍ റാം മഞ്ജിയെ പിന്തുണക്കുന്ന കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തങ്ങള്‍ക്ക് 140 എം എല്‍ എമാരുടെ പിന്തുണയുള്ളതായി അവകാശപ്പെട്ടു. ബി ജെ പിയുടെ പിന്തുണയുണ്ടെന്നും ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 243 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 87 അംഗങ്ങളാണുള്ളത്.
അതിനിടെ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ കൂട്ടാക്കാത്ത ജിതന്‍ റാം മഞ്ജിയെ ജെ ഡി യുവില്‍ നിന്ന് പുറത്താക്കിയയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനമൊഴിയാനുള്ള ജനതാദള്‍ യുനൈറ്റഡ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം മഞ്ജി തള്ളിയതിനെത്തുടര്‍ന്നാണ് ബീഹാറില്‍ പൊട്ടിത്തെറിക്ക് തുടക്കം കുറിച്ചത്.

Latest