Connect with us

Kerala

പുതിയ നായകന്‍ ആരെന്ന ആകാംക്ഷയിലേക്ക് സി പി എം

Published

|

Last Updated

തിരുവനന്തപുരം: ജില്ലാസമ്മേളനങ്ങള്‍ക്ക് പരിസമാപ്തിയായതോടെ സംസ്ഥാനപാര്‍ട്ടിയെ ഇനി ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ സി പി എമ്മില്‍ സജീവമാകുന്നു. പിണറായി വിജയന്‍ സെക്രട്ടറി പദമൊഴിയുമ്പോള്‍ നയിക്കാന്‍ ഇനി ആരെന്ന ചോദ്യമാണ് സി പി എമ്മിനെ ഉറ്റുനോക്കുന്നത്.
ആലപ്പുഴയില്‍ ഈ മാസം 20 മുതല്‍ 23 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഈ ചോദ്യത്തിന് ഉത്തരമാകും. പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയാകുമെന്ന വാര്‍ത്തകള്‍ക്കാണ് മുന്‍തൂക്കം. എം എ ബേബിയാണ് പോളിറ്റ്ബ്യൂറോയിലുള്ള മറ്റൊരാള്‍. എന്നാല്‍, ബേബിയെ പി ബിയില്‍ എടുത്തപ്പോള്‍ തന്നെ കേന്ദ്രനേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണെന്നാണ് അറിയിച്ചിരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നആരെങ്കിലും സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുമോയെന്ന് വ്യക്തമല്ല. അങ്ങനെ വന്നാല്‍ പരിഗണിക്കപ്പെടാവുന്ന അര ഡസന്‍ നേതാക്കളെങ്കിലുമുണ്ട്.
സെക്രട്ടറി പദത്തില്‍ ഒരാള്‍ക്ക് മൂന്ന് ടേം മതിയെന്ന ഭരണഘടനാഭേദഗതി കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ച സാഹചര്യത്തില്‍ നാല് ടേം പൂര്‍ത്തിയാക്കുന്ന പിണറായി വിജയന്‍ തുടരില്ലെന്ന് ഉറപ്പാണ്. സംസ്ഥാന സമ്മേളനത്തോടെ സെക്രട്ടറി പദമൊഴിയുമെന്ന് പിണറായി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
സെക്രട്ടറി പദത്തിലേക്ക് ആരുടെയെങ്കിലും പേര് നിര്‍ദേശിക്കാന്‍ പോലും ശേഷിയില്ലാത്ത വിധം വി എസ് പക്ഷം പാര്‍ട്ടിക്കുള്ളില്‍ അപ്രസക്തമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഒരു ഭിന്നാഭിപ്രയത്തിന്റെ സാധ്യതകള്‍ പോലും ആരും കാണുന്നില്ല. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രതികരണശേഷി പോലും നഷ്ടപ്പെടും വിധമാണ് വി എസിന്റെ പാര്‍ട്ടിക്കുള്ളിലെ സ്വാധീനം. അതേസമയം സംസ്ഥാന സമ്മേളനം നടക്കുന്ന ആലപ്പുഴ കേന്ദ്രീകരിച്ചുള്ള പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. ആലപ്പുഴയില്‍ സജി ചെറിയാന്‍ സെക്രട്ടറിയായത് തന്നെ വിഭാഗീയ നീക്കങ്ങളിലൂടെയാണെന്ന ആക്ഷേപമുണ്ട്.
ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴിടത്ത് പുതിയ സെക്രട്ടറിമാര്‍ വന്നുവെന്നതാണ് സവിശേഷത. ഇതില്‍തന്നെ കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സെക്രട്ടറി തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നു. യുവനേതാക്കളായ പി രാജീവ് എറണാകുളത്തും കെ എന്‍ ബാലഗോപാല്‍ കൊല്ലത്തും സെക്രട്ടറിമാരായപ്പോള്‍ നേതൃനിരയിലെ തലമുറ മാറ്റം കൂടിയായി ഇത് മാറി. എറണാകുളം ജില്ലാ കമ്മിറ്റിയിലെ വി എസ് പക്ഷത്തിന്റെ അപ്രമാധിത്വം ഇല്ലാതാക്കാനും ഔദ്യോഗിക പക്ഷത്തിന് കഴിഞ്ഞു. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ നേരത്തെ നടപടിക്ക് വിധേയനായ ഗോപി കോട്ടമുറിക്കല്‍ ജില്ലാകമ്മിറ്റിയില്‍ തിരിച്ചെത്തിയതും വി എസ് വിഭാഗത്തിന് ആഘാതമായി. അന്ന് കോട്ടമുറിക്കലിനെതിരെ പരാതി കൊടുത്ത കെ ഒ ചാക്കോച്ചനെ കൂടി ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് മാത്രമാണ് ആശ്വാസം.
കോഴിക്കോട് ജില്ലയില്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് നേരത്തെ പ്രതിചേര്‍ത്തിരുന്ന പി മോഹനനെ തന്നെ സെക്രട്ടറിയാക്കിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചു. പത്തനംതിട്ടയില്‍ ഉദയഭാനു, കോട്ടയത്ത് വി എന്‍ വാസവന്‍, ആലപ്പുഴയില്‍ സജിചെറിയാന്‍, ഇടുക്കിയില്‍ കെ കെ ജയചന്ദ്രന്‍ എന്നിവരും പുതുതായി സെക്രട്ടറി പദത്തിലെത്തി.
തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്‍, തൃശൂരില്‍ എ സി മൊയ്തീന്‍, പാലക്കാട് സി കെ രാജേന്ദ്രന്‍, മലപ്പുറത്ത് പി എ വാസുദേവന്‍, കണ്ണൂരില്‍ പി ജയരാജനും കാസര്‍കോട് കെ പി സതീഷ്ചന്ദ്രനും സെക്രട്ടറി സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. എന്തായാലും ലോക്കല്‍ സമ്മേളനങ്ങള്‍ മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ വരെ കാര്യമായ കോലാഹലങ്ങളില്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്നത് നേതൃത്വത്തിന് ആശ്വാസം നല്‍കുന്നതാണ്. ഇനി ഏവരുടെയും ശ്രദ്ധ 20ന് തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിലേക്കാണ്.