Connect with us

Malappuram

ചോക്കാട് തോട്ടം സൂപ്പര്‍വൈസര്‍ കൊല്ലപ്പെട്ട സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കാളികാവ്: ചോക്കാട് നാല്‍പത് സെന്റില്‍ തോട്ടം സൂപ്പര്‍വൈസറെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോട്ടമ്മല്‍ എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസര്‍ വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി മുത്തിരി കുഞ്ഞിമൊയ്തീന്റെ മകന്‍ അബ്ദുല്‍ റഊഫിനെ (48) കൊലപ്പെടുത്തിയ സംഭവത്തില്‍ നാല്‍പത് സെന്റ് ആദിവാസി കോളനിയിലെ പാട്ടക്കരിമ്പില്‍ നാരായണന്‍ (42), മകളുടെ ഭര്‍ത്താവ് എരഞ്ഞിമങ്ങാട് ഗോപകുമാര്‍ (29), മകന്‍ രാഹുല്‍ (24) എന്നിവരെയാണ് വണ്ടൂര്‍ സി ഐ. കെ സി ബാബു, കാളികാവ് എസ് ഐ. ടി ഉസ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തോട്ടത്തിലൂടെ വഴി നടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനും അടിപിടിക്കുമൊടുവില്‍ കല്ല് കൊണ്ട് തലക്ക് കുത്തേറ്റാണ് റഊഫ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തോട്ടത്തില്‍ വെച്ചായിരുന്നു സംഭവം.
വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശികളായ കോട്ടമ്മല്‍ തണ്ടുപാറക്കല്‍ ചേക്കുണ്ണി എന്ന മാനു, അംജൂം, അംജദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ മേല്‍നോട്ട ജോലിക്കാരനാണ് മരിച്ച റഊഫ്.
വെള്ളിയാഴ്ച വൈകിട്ട് നാരായണനും ഗോപകുമാറും രാഹുലും തോട്ടത്തിലൂടെ നടന്ന് പോകുന്നത് റഊഫ് ചോദ്യം ചെയ്തിരുന്നു. മുമ്പ് തോട്ടത്തില്‍ നിന്നും റബര്‍ ഒട്ടുപാല്‍ മോഷണം പോയതായിരുന്നു കാരണം. ഇതേ ചൊല്ലി മൂവരും റഊഫുമായി തര്‍ക്കിച്ചു. പിന്നീട് അടിപിടിയുമുണ്ടായി. ഇതിനിടയില്‍ പിരിഞ്ഞ് പോയ നാരായണന്‍ വീണ്ടും റഊഫിനെ വെല്ലുവിളിച്ചു.
തുടര്‍ന്ന് റോഡില്‍ വെച്ച് ഇരുവരും വീണ്ടും ഏറ്റുമുട്ടുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ റഊഫ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ പൂക്കോട്ടുംപാടത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ നാരായണന്‍ ഒന്നാം പ്രതിയും ഗോപകുമാര്‍, രാഹുല്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളുമാണ്. മൂന്ന് പേരെയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം മഞ്ചേരി ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Latest