Connect with us

National

പാക് സൈന്യം കാശ്മീരില്‍ നിഴല്‍യുദ്ധം നടത്തുന്നു: സേനാ മേധാവി; മുന്നറിയിപ്പുമായി പരീക്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി/ ലക്‌നോ: സ്വന്തം രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാരണം വേദന അനുഭവിക്കുന്നുണ്ടെങ്കിലും ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യം നിഴല്‍ യുദ്ധത്തിന് പിന്തുണ നല്‍കുകയാണെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ്. അതിര്‍ത്തിയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതിനാല്‍ ഭീഷണികളും വെല്ലുവിളികളും ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാക്കിസ്ഥാന്റെ നിഴല്‍ യുദ്ധത്തിനെതിരെ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ മുന്നറിയിപ്പ് നല്‍കി.
പെഷവാറില്‍ സൈനിക സ്‌കൂളിന് നേരെ കഴിഞ്ഞ മാസമുണ്ടായ ക്രൂര ആക്രമണത്തെ തുടര്‍ന്നെങ്കിലും പാക്കിസ്ഥാന്‍ മാറി ചിന്തിക്കേണ്ടിയിരുന്നു. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെയും അത് ഇന്ത്യയെ ബാധിക്കുന്നതിനെയും സുരക്ഷാ സേന അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈയടുത്ത് കാശ്മീരില്‍ നടന്ന തിരഞ്ഞെടുപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിന് സേനയെ ജനറല്‍ ദല്‍ബീര്‍ സിംഗ് അഭിനന്ദിച്ചു. ജനങ്ങള്‍ ആത്മവിശ്വാസത്തോടെ വോട്ട് ചെയ്തു. ആഴ്ചകളല്ല മറിച്ച് മാസങ്ങള്‍ തന്നെ സുരക്ഷാ സേന കഠിനപ്രയത്‌നം ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കൂടുതല്‍ തീവ്രവാദികള്‍ കീഴടങ്ങിയത്. 110 പേര്‍ കീഴടങ്ങി. 104 പേര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തീവ്രവാദവിരുദ്ധ പോരാട്ടമാണ് ഇത് കാണിക്കുന്നത്. കാശ്മീരില്‍ ഈയടുത്ത് തീവ്രവാദികള്‍ നടത്തിയ സമരങ്ങളില്‍ അവര്‍ നിരാശരാകുക മാത്രമല്ല, പാക്കിസ്ഥാനിലെ തീവ്രവാദ ഘടന ക്ഷയോന്‍മുഖമായി എന്നും തെളിയിച്ചു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാന ചര്‍ച്ചക്ക് മുമ്പ്, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. നിഴല്‍ യുദ്ധത്തെ സംബന്ധിച്ച് എന്താണ് സംഭവിക്കുന്നതെന്നത് സര്‍ക്കാര്‍ ബോധവാന്‍മാരാണ്. ഇതിനെതിരെ സുശക്തവും പരുക്കനുമായ നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. അത് തത്കാലം പുറത്തുപറയുന്നില്ല. യഥാര്‍ഥ കണക്കുകളിലെ മാറ്റം ആറ് മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ബോധ്യമാകും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70 ശതമാനത്തിലധികം പേര്‍ തീവ്രവാദ സംഘടനകളില്‍ നിന്ന് പുറത്തുവന്നു. അയല്‍ക്കാരുമായി സമാധാനമാണ് കാംക്ഷിക്കുന്നത്. എന്നാല്‍ നിഴല്‍യുദ്ധവുമായി അവര്‍ രംഗത്തുവരുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Latest