Connect with us

Editorial

ആവര്‍ത്തിക്കപ്പെടുന്ന 'അബദ്ധങ്ങള്‍'

Published

|

Last Updated

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിസ്ഥാനത്ത് നിര്‍ത്താതെ “പിന്നെ എന്ത്” തീവ്രവാദവും ഭീകരവാദവും? ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം സൂറത്തില്‍ അവതരിപ്പിച്ച മോക്ഡ്രില്ലില്‍ ഭീകരവാദിയായി രംഗത്തുവന്നത് മുസ്‌ലിംകളുടെ വേഷമായ തൊപ്പി ധരിച്ച പോലീസുകാരായിരുന്നു. നര്‍മദ അണക്കെട്ടിനു സമീപം അവതരിപ്പിച്ച മറ്റൊരു മോക്ഡ്രില്ലില്‍ തീവ്രവാദി വേഷത്തില്‍ പോലൂസുകാര്‍ എത്തിയത് “ഇസ്‌ലാം സിന്ദാബാദ്”എന്ന മുദ്രാവാക്യം മുഴക്കിയും. വിവാദമായതോടെ മനഃപൂര്‍വം നടത്തിയ ഈ മുസ്‌ലിംനിന്ദയെ ലഘൂകരിച്ചു കാണിക്കാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍. പോലീസിന് സംഭവിച്ച അബദ്ധമാണിതെന്നും തെറ്റ് ബോധ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അവര്‍ പറയുന്നത്.
രാജ്യത്തെ പോലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും ദേശീയ മാധ്യമങ്ങള്‍ക്കും മാത്രമല്ല, ഭരണകൂടങ്ങള്‍ക്കു പോലൂം നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് ഇത്തരം അബദ്ധങ്ങള്‍. രാജ്യത്തെവിടെയെങ്കിലും സ്‌ഫോടനം അരങ്ങേറിയാല്‍ പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്നോ ലഷ്‌കറെ തയ്യിബ എന്നോ ആയിരിക്കും ഉടനെ പോലീസിന്റെ പ്രതികരണം. ഇന്ത്യന്‍ മുജാഹിദീന് അസ്തിത്വമുണ്ടോ എന്നത് തര്‍ക്കവിഷയമാണ്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കട്ജു പറയുന്നത് അത് കേവലമൊരു മാധ്യമ സൃഷ്ട്രിയാണെന്നാണ്. ആരാണ് ഇവരുടെ നേതാവെന്നോ എവിടെയാണ് ആസ്ഥാനമെന്നോ കണ്ടെത്താനായിട്ടില്ല. ഇതൊന്നും പക്ഷേ അന്വേഷണ ഏജന്‍സികള്‍ക്ക് പ്രശ്‌നമല്ല. പ്രാഥമികാന്വേഷണം പോലും നടത്താതെ ഉത്തരവാദിത്തം ഒരു മുസ്‌ലിം പേരുള്ള തീവ്രവാദ സംഘടനയുടെ മേല്‍ കെട്ടിയേല്‍പ്പിച്ചെങ്കിലേ അവര്‍ക്ക് മനഃസമാധാനം വരികയുള്ളു. മാധ്യമങ്ങളാകട്ടെ അതൊന്നു കൂടി കൊഴിപ്പിച്ചു അവരുടെ പാക് ബന്ധത്തിന്റെയും സാമ്പത്തിക സ്രോതസ്സിന്റെയും മറ്റും കഥകള്‍ മെനഞ്ഞുണ്ടാക്കുകയും ചെയ്യുന്നു. ഗുജറാത്ത് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് മേധാവിയുമായ ശങ്കര്‍ സിംഗ് വഗേല പറയുന്നത് അങ്ങനൊയൊരു സംഘനടയുണ്ടെങ്കില്‍ അത് സംഘ്പരിവാര്‍ സൃഷ്ടിയാണെന്നാണ്. തുടക്കത്തില്‍ മുസ്‌ലിം തീവ്രാദ സംഘനടളെ സംശയിച്ച പല വിധ്വംസക പ്രവര്‍ത്തനത്തിന്റെയും പിന്നില്‍ ഹിന്ദുത്വസംഘനടകളാണെന്ന് സമഗ്ര അന്വേഷണത്തിനൊടുവില്‍ വെളിപ്പെട്ടതുമാണ്.
ബി ജെ പി നേതാവ് ഗിരിരാജ് സിംഗിനും സംഭവിച്ചു ഇത്തരമൊരു “അബദ്ധം”. തീവ്രവാദത്തെക്കുറിച്ചു പാറ്റ്‌നയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്”എല്ലാ തീവ്രവാദികളും ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരാണെ”ന്നാണ്. മാലേഗാവ്, അജ്മീര്‍ ശരീഫ്, മക്കാ മസ്ജിദ് തുടങ്ങി രാജ്യത്ത് നടന്ന മിക്ക സ്‌ഫോടനങ്ങളുടെയും സൂത്രധാരര്‍ സ്വാമി അസിമാനന്ദയെപ്പോലുള്ള ഹിന്ദുത്വ തീവ്രാദികളാണെന്ന എ ടി എസിന്റെയും സി ബി ഐയുടെയും കണ്ടെത്തലുകള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ടാണ് അദ്ദേഹം മുസ്‌ലിം സമുദായത്തിന് നേരെ ഈ ഒളിയമ്പെയ്തത്.
ഒരേ പ്രവൃത്തി മുസ്‌ലിംകള്‍ ചെയ്താല്‍ തീവ്രാദവും ഹിന്ദുത്വവാദികള്‍ ചെയ്താല്‍ ദേശസ്‌നേഹവുമാകുന്ന വിരോധാഭാസമാണല്ലോ അടുത്തിടെ രാജ്യത്ത അരങ്ങേറുന്നത്. ഹിന്ദുത്വ ഫാസിസം ക്രിസ്ത്യന്‍ പാതിരിമാരെ ചുട്ടു കൊന്നത് പോലും ദേശസ്‌നേഹമായി വാഴ്ത്തപ്പെടുകയുണ്ടായി. ഗാന്ധിജിയെ കൊന്ന ഗോദ്‌സെക്ക് സ്മാരകങ്ങളും അമ്പലങ്ങളും പണിയാനുള്ള പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്ന രാജ്യത്ത് ഇതൊക്കെ സംഭവിച്ചില്ലെങ്കിലല്ലേ അത്ഭുതം.
സംഘ്പരിവാറിന് മാത്രമല്ല, “ശുദ്ധ” കമ്യൂണിസ്റ്റായ വി എസ് അച്യുതാനന്ദന് പോലും സംഭവിക്കുന്നുണ്ട് ഇത്തരം “അബദ്ധ”ങ്ങള്‍. മലപ്പുറത്തെ ചെറുപ്പക്കാര്‍ കോപ്പിയടിച്ചും മറ്റുള്ളവരെല്ലാം പഠിച്ചുമാണ് പരീക്ഷ ജയിക്കുന്നതെന്നാണല്ലോ അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഉന്നത വിജയം നേടുന്നതിനെ അഭിനന്ദിക്കാനുള്ള സന്മനസ്സില്ലെങ്കില്‍ പോകട്ടെ, അത് സഹിക്കാനുള്ള വിവേകം പോലും അദ്ദേഹത്തിനുണ്ടായില്ല. മഅ്ദനി നടത്തിയ വികാരപരമായ പ്രസംഗത്തെ രാജ്യദ്രോഹമായി കാണുന്ന ഭരണകൂടങ്ങള്‍ക്ക് തെഗാഡിയയും ബാല്‍താക്കറെയും വിഷം ചീറ്റുന്ന പ്രസംഗം നടത്തുന്നതില്‍ അപാകം തോന്നാറില്ല. വിചാരണത്തടവുകാരനായി ബംഗളുരുവിലെ തവടറക്കുള്ളില്‍ നരക ജീവിതം നയിക്കുന്ന മഅ്ദനിയോട് തെല്ലും അനുഭാവം പ്രകടിപ്പിക്കാന്‍ തയാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദ പ്രസംഗത്തിന്റെ പേരില്‍ തെഗാഡിയക്കെതിരെ ചാര്‍ജ്ജ് ചെയ്ത കേസ് പിന്‍വലിക്കാന്‍ കാണിച്ച അമിത താത്പര്യം ഈയടുത്ത് നാം കണ്ടതാണ്. ഇത്തരം അബദ്ധങ്ങള്‍ രാജ്യത്ത് ഇനിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതിനെ പ്രതിരോധിക്കേണ്ട കടമ രാഷ്ട്രീയ നേതൃത്വത്തിനും മതേതര പ്രസ്ഥാനങ്ങള്‍ക്കുമാണ്.