Connect with us

Malappuram

മേളകള്‍ സംഘടിപ്പിച്ച് നടത്തേണ്ടതല്ല മതപരിവര്‍ത്തനം: കാന്തപുരം

Published

|

Last Updated

മലപ്പുറം: മുസ്‌ലിംകളുടെ മതവിശ്വാസത്തെ ആര്‍ക്കും വിലക്കെടുക്കാന്‍ കഴിയില്ലെന്നും മതപരിവര്‍ത്തനം പ്രലോഭിപ്പിച്ചും മേളകള്‍ സംഘടിപ്പിച്ചും നടത്തേണ്ടതല്ലെന്നും അഖിലേന്ത്യാസുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എസ് വൈ എസ് 60-ാം വാര്‍ഷിക സ്വാഗതസംഘ പ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ച രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി വിലക്കെടുക്കാമെന്ന് ആരും കരുതേണ്ട. വര്‍ഗീയ ചേരി തിരിവുകള്‍ സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ആപത്കരമാണ്. ഈരാജ്യത്തെ ഭരണ ഘടനയിലും മതേതര മൂല്യങ്ങളിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും രാജ്യത്തിന്റെ ഉന്നതമായ മതേതര പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ്.
നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം ഇസ്‌ലാം ഒരുനിലക്കും അംഗീകരിക്കുന്നില്ല. മത വിശ്വാസം ആളുകളെ പരസ്പരം ഭീതിപ്പെടുത്താനുള്ള ആയുധമാക്കുന്നവര്‍ സമൂഹത്തിനോ ആ മതത്തിനോ ഒരു ഗുണവും ചെയ്യുന്നില്ലെന്നതാണ് വസ്തുത. മത സൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതില്‍ രാജ്യാന്തര തലത്തില്‍ തന്നെ കേരളത്തിന് പ്രത്യേക ബഹുമതിയുണ്ട്. പക്ഷെ കേരളത്തില്‍ പോലും വര്‍ഗീയതയുടെ ഇത്തരം വിഷവിത്തുകള്‍ മുളപ്പിക്കാനുള്ള ശ്രമങ്ങളാണ് ചില ഭാഗത്തുനിന്ന് വരുന്നത്. സര്‍ക്കാര്‍ ഗൗരവതരമായി ഇതിനെ കാണുകയും വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നായാലും ശക്തമായി നേരിടുകയും വേണമെന്നും കാന്തപുരം പറഞ്ഞു. സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ ഫെബ്രുവരി 27,28 മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറം താജുല്‍ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് മഞ്ചേരിയില്‍ അയ്യായിരം സ്വഫ്‌വ അംഗങ്ങള്‍ പങ്കെടുത്ത റാലി നടന്നത്. കച്ചേരിപ്പടി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച റാലിയില്‍ പ്രത്യേക യൂനിഫോമും പതാകയുമേന്തിയാണ് സ്വഫ്‌വ അംഗങ്ങള്‍ അണിനിരന്നത്. ചുള്ളക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതു സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മേളന സ്വാഗത സംഘം പ്രഖ്യാപിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രസംഗിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി സംബന്ധിച്ചു.

Latest