Connect with us

Thrissur

'ഭൂരഹിതര്‍ക്ക് ഭൂമി'സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഭൂമിഗീതം സ്റ്റേജ് ഷോ

Published

|

Last Updated

തൃശൂര്‍: ഭൂരഹിതര്‍ക്ക് ഭൂമി എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുവാന്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭൂമിഗീതം സ്റ്റേജ് ഷോ അടുത്ത മാസം 18ന് തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ നടക്കും. കേരള ഫിലിം ചേംബര്‍, ഫെഫ്ക, അമ്മ എന്നീ സംഘടനകളുമായി സഹകരിച്ചാണ് സ്റ്റേജ് ഷോ തൃശൂരില്‍ സംഘടിപ്പിക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുവാന്‍ സര്‍ക്കാര്‍ ഭൂമിക്ക് പുറമേയുള്ള ഭൂമിയുടെ അപര്യാപ്തത പരിഹരിക്കുന്നതിനായുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന ഷോയില്‍ മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷകളിലുമുള്ള പ്രമുഖ ചലച്ചിത്ര പിന്നണി ഗായകര്‍ അണി നിരക്കും. ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖ് ആണ് സംവിധായകന്‍. പുതുതലമുറയിലെ ശ്രദ്ധേയരായ എം ജയചന്ദ്രന്‍, ദീപക് ദേവ്, ബിജിബാല്‍, ഗോപിസുന്ദര്‍ അണിയിച്ചൊരുക്കിയ ഗാനങ്ങല്‍ സംഗീതനിശയ്ക്ക് കൊഴുപ്പേകും. വൈകീട്ട് 6.30ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളികേരത്തിന്റെ നാട്ടില്‍ ഇനി എല്ലാവര്‍ക്കും നാഴിയിടങ്ങഴി മണ്ണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഭൂമിഗീതം സംഘടിപ്പിക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി എന്ന സര്‍ക്കാര്‍ സങ്കല്പത്തിന്റെ ആവിഷ്‌കാരങ്ങള്‍ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയും ഷോയ്ക്ക് മുന്നോടിയായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജില്ലയില്‍ ഭൂരഹിതകേരളം പരിപാടിയില്‍ 320ചാലക്കുടി സ്വദേശിയായ തങ്കച്ചന്‍ രണ്ടേക്കര്‍ ഭൂമി നല്‍കാനുള്ള സമ്മതപത്രവും നല്‍കിയിട്ടുണ്ട്. ജില്ലയിലെ വില്ലേജ് ഓഫീസറായ ഗീവര്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും മൂന്ന് സെന്റ് ഭൂമി നേരത്തെ നല്‍കിയിരുന്നു. ഭൂമി ഗീതം പരിപാടിയുടെ ലോഗോ പ്രകാശനം മന്ത്രി അടൂര്‍ പ്രകാശ് തേറമ്പില്‍ രാമകൃഷ്ണന് നല്‍കി നിര്‍വ്വഹിച്ചു. പത്രസമ്മേളനത്തില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍, ജില്ലാ കളക്ടര്‍ എം.എസ് ജയ, സബ് കലക്ടര്‍ മീര്‍ മുഹമ്മദലി പങ്കെടുത്തു.