Connect with us

Ongoing News

വഹാബി വിരുദ്ധ നിലപാട് പുനരാലോചന നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിച്ചു: കാന്തപുരം

Published

|

Last Updated

മര്‍കസ് നഗര്‍: സമസ്തയുടെ വഹാബി വിരുദ്ധ നിലപാടാണ് മുസ്‌ലിംകളോടുള്ള സമീപനത്തെ കുറിച്ച് പുനരാലോചന നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിച്ചതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. 1980 കളില്‍ വഹാബി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് എസ് വൈ എസ് പുറത്തിറക്കിയ സര്‍ക്കുലറും തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വഹാബി സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ തോറ്റതും സുന്നികളുടെ നിലപാടിന്റെ വിജയമായിരുന്നുവെന്നും കാന്തപുരം പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മര്‍കസ് സമ്മേളന സുവനീറില്‍ നുഐമാനുമായി നടത്തിയ അഭിമുഖത്തിലാണ് വിവിധ വിഷയങ്ങളില്‍ ഉസ്താദ് തുറന്നു പറയുന്നത്. വഹാബികളുമായുള്ള കൂട്ടുകെട്ട് ലീഗിനും സമുദായത്തിനും രാഷ്ട്രീയമായി നഷ്ടമേ ഉണ്ടാക്കിയിട്ടുള്ളൂ. വഹാബി അനുകൂലികള്‍ മത്സരിച്ചപ്പോള്‍ ഉറച്ച സീറ്റില്‍ പോലും ലീഗ് തോല്‍ക്കുന്ന സ്ഥിതി വന്നു. ഇക്കാര്യം ഇപ്പോള്‍ ലീഗ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒരു വഹാബിയെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ ലീഗ് ഇപ്പോള്‍ രണ്ടു തവണ ആലോചിക്കും.
ആ നിലക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാന്‍ സമസ്തയുടെ നിലപാടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അന്ന് സമസ്തയും, എസ് വൈ എസും അങ്ങനെയൊരു നിലപാടെടുത്തതിന്റെ ഗുണം മനസ്സിലാക്കാന്‍ ജനപ്രതിനിധി സഭകളില്‍ വഹാബികള്‍ക്ക് അന്നും ഇന്നുമുള്ള പ്രാതിനിധ്യത്തെ താരതമ്യം ചെയ്തു നോക്കിയാന്‍ മതി. ഇന്ന് മുസ്‌ലീം ലീഗ് മാത്രമല്ല മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പോലും വഹാബികളെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്താന്‍ ഭയമാണ്. തങ്ങളുടെ സ്വാധീനത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് വഹാബികള്‍ക്ക് ഇത്രയും കാലം പിടിച്ചു നില്‍ക്കാനായത്. അതിപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായിട്ടുണ്ട്. വഹാബികളുടെ സ്വാധീനം കേരളത്തില്‍ അവസാനിച്ചു.
സമുദായത്തിന്റെ കെട്ടുറപ്പിനെയും വിശ്വാസപരമായ ഭദ്രതയെയും തകര്‍ക്കുക എന്നതായിരുന്നു വഹാബിസത്തിന്റെ ലക്ഷ്യം. അത് അവരുടെ കാര്യത്തില്‍ തന്നെ അറംപറ്റിയിരിക്കുന്നു. വഹാബിസത്തിന്റെ തകര്‍ച്ച പൂര്‍ണമായെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിന് വോട്ടു ചെയ്താലും വഹാബികള്‍ക്ക് വോട്ടു ചെയ്യരുത് എന്നായിരുന്നു ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നിലപാട്. സ്വാര്‍ഥ താത്പര്യമുള്ള ഒരു മുസ്‌ലിമിനേക്കാള്‍ നീതിമാനായ ഒരമുസ്‌ലിമിനെ പിന്തുണയ്ക്കലാണ് നല്ലത്. ഭരണകൂടത്തെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നയനിലപാടുകളേ മുസ്‌ലിംകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപകരിക്കുകയുള്ളൂ.
സ്വന്തം പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ബി ജെ പിയേയും മോദിയേയും ഉപയോഗിക്കുന്നവരാണ് സുന്നികള്‍ക്കു മേല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സമസ്തയിലെ പുനഃസംഘാടനത്തിന്റെ സമയത്ത് സുന്നി പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ പലയിടത്തും സി പി എം സഹായിച്ചിട്ടുണ്ടെന്നും ആ കടപ്പാട് അവരോടുണ്ടെന്നും കാന്തപുരം പറഞ്ഞു. പണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ സംഘടിച്ച് ശക്തി കൈവരിക്കുന്നതില്‍ അസൂയ ഉള്ളവരാണ് സമസ്തയുടെ പിളര്‍പ്പിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

Latest