Connect with us

Gulf

എണ്ണ വിലയിടിവ് വാണിജ്യ മേഖലയെ ബാധിക്കില്ല; ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും;എംഎ യൂസുഫലി

Published

|

Last Updated

ദുബൈ: എണ്ണ വിലയിടിവ് ഗള്‍ഫിലെ വാണിജ്യ മേഖലയെ ബാധിക്കില്ലെന്ന് എം എ യൂസുഫലി പറഞ്ഞു. ബഹ്‌റൈനിലെ പരമോന്നത ബഹുമതി സ്വീകരിച്ച ശേഷം ദുബൈയിലെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
എണ്ണവിലയിടിവ് താത്കാലിക പ്രതിഭാസമാണ്. പല സന്ദര്‍ഭങ്ങളിലും ഏറ്റക്കുറച്ചിലുണ്ടായിട്ടുണ്ട്. അതിനെ തരണം ചെയ്യാന്‍ ഗള്‍ഫ് ഭരണാധികാരികള്‍ക്ക് കഴിഞ്ഞു. ഇനിയും കഴിയും. അതിനുള്ള ദീര്‍ഘദൃഷ്ടിയും കാര്യപ്രാപ്തിയും അവര്‍ക്കുണ്ട്. മാത്രമല്ല, ദുബൈ പോലുള്ള നഗരങ്ങളുടെ വളര്‍ച്ച എണ്ണ വരുമാനത്തില്‍ നിന്നല്ല. എണ്ണയെ ആശ്രയിച്ചല്ല അവര്‍ പദ്ധതികള്‍ രൂപപ്പെടുത്തിയത്. വിനോദസഞ്ചാരം, ഉല്‍പാദനം തുടങ്ങിയ മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനം ഏര്‍പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിക്ഷേപകരെ ആകര്‍ഷിച്ചു.
ഗള്‍ഫിലെ മിക്ക നഗരങ്ങളും വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വ്യാവസായിക-വാണിജ്യ മേഖലയിലും മുന്നേറിക്കൊണ്ടിരിക്കുന്നു. എണ്ണയെ മാത്രം ആശ്രയിച്ചല്ല, ഗള്‍ഫിന്റെ വളര്‍ച്ച. പ്രതിസന്ധിയുടെ ഘട്ടത്തിലാണ് താന്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയത്. അത് നല്ല നിലയില്‍ മുന്നോട്ടുപോകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചിരിക്കാം. പൊതുവില്‍ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. സഊദി അറേബ്യയില്‍ ഒമ്പത് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നുണ്ട്. ഒരെണ്ണം ഈ മാസം അവസാനവാരം തുറക്കും. ഖത്തറിലും മലേഷ്യയിലും ഇന്തോനേഷ്യയിലും നിക്ഷേപ പദ്ധതികളുണ്ട്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന അപഖ്യാതി ഒഴിവാക്കാനാണ് താന്‍ ശ്രമിച്ചത്. ഭാവിതലമുറക്ക് സുഖമായി ജീവിക്കണമെങ്കില്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിക്ഷേപം എത്തണം. എന്നാല്‍ പല കാര്യങ്ങളിലും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനുഗുണമായ നടപടികള്‍ ഉണ്ടാകണം.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യ വലിയ ജനാധിപത്യ രാജ്യമാണ്. ഇന്ത്യയുടെ പുരോഗതിക്കുതകുന്ന എന്തിനെയും അംഗീകരിക്കുന്നു. ഭരണം മാറിമാറി വരും. ജനങ്ങളുടെ പുരോഗതിയാണ് പ്രധാനം. തെലങ്കാനയില്‍ ഭക്ഷ്യസംസ്‌കരണ രംഗത്ത് വന്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നു. ഭരണകൂടത്തിന്റെ സമീപനത്തെ നല്ല അര്‍ഥത്തില്‍ സ്വീകരിക്കുന്നു. ബഹ്‌റൈനില്‍ നിന്നുള്ള പരമോന്നത ബഹുമതി ലഭിച്ചതില്‍ അവിടുത്തെ ഭരണാധികാരിയോടും ജനങ്ങളോടും മലയാളി സമൂഹത്തോടും കടപ്പെട്ടിരിക്കുന്നു. എന്റെ ബഹുമതി ലബ്ധിയില്‍ ഏറെ സന്തോഷിച്ചത് മലയാളികളാണ്. ബഹ്‌റൈന്‍ കേരളീയ സമാജം ഏറെ ആഹ്ലാദം പ്രകടിപ്പിച്ചു.
ഇത്തരം ബഹുമതിതികള്‍ വാണിജ്യമേഖലയിലും വ്യക്തി ജീവിതത്തിലും വലിയ ഉത്തരവാദിത്തമായി കാണുന്നു. ബഹ്‌റൈന്‍ രാജാവ് ഇത് പറയുകയുണ്ടായി. ഗള്‍ഫിലെ ഇന്ത്യന്‍ ബിസിനസ് സമൂഹം തരുന്ന സ്‌നേഹവും അംഗീകാരത്തിനു കാരണമാണ്- യൂസുഫലി പറഞ്ഞു.

Latest