Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും

Published

|

Last Updated

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിനു വേണ്ടി സൗജന്യമായി വിട്ടുതന്ന സ്ഥലത്തിന്റെ നിയമപരമായ ക്ലിയറന്‍സ് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കോളജിന്റെ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും മന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു.
വയനാട് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരഹരിക്കുന്നതു സംബന്ധിച്ച് എം വി ശ്രേയാംസ്!കുമാര്‍ എം എല്‍ എ നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.വയനാട്ടില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ജിതേഷിനെ സര്‍ക്കാര്‍ 2012 ഒക്ടോബറില്‍ നിയമിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനത്തിന്റെ തുടര്‍ നടപടികള്‍ക്കായി പി ഡബ്ലു ഡി 756 കോടിയുടെ ഡി പി ആര്‍. തയ്യാറാക്കി. ഇതിനായി കണ്‍സള്‍ട്ടന്റിനെയും പി ഡബ്ലു ഡി നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശ്രി ചിത്തിര തിരുന്നാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു സെന്റര്‍ ജില്ലയിലെ മാനന്തവാടി താലൂക്കിലെ പേര്യ വില്ലേജിലെ ഗ്ലന്‍ ലവന്‍ എസ്‌റ്റേറ്റില്‍ നിന്ന് 75 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി 1.90 കോടി രൂപ അനുവദിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിടുണ്ട്.
കൂടുതല്‍ ഹൗസ് സര്‍ജന്മാരുടെ സേവന ലഭ്യമാക്കാന്‍ ജില്ലാ ആസ്പത്രി ഹൗസ് സര്‍ജന്‍സ് ട്രെയിനിങ് സെന്ററാക്കാന്‍ നടപടി സ്വീകരിക്കും. സുല്‍ത്താന്‍ ബത്തേരിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പണിയുന്നതിനായി മൂന്നു കോടി രൂപ അനുദിച്ചിട്ടുണ്ട്. ആശുപത്രിയുടെ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. നിലവില്‍ ജില്ലയില്‍ ആകെ 184 ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. ജില്ലയിലെ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
ജില്ലയിലെ ആരോഗ്യമേഖലയിലെ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ ആരോഗ്യ പാക്കേജ് തയ്യാറാക്കുന്നതിന് ഹെല്‍ത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തും. പി.എസ്.സിയില്‍ നിന്നും അഡൈ്വസ് ചെയ്യുന്ന 27 അസിസ്റ്റന്റ് സര്‍ജന്‍മാരെ ഉടന്‍ തന്നെ ജില്ലയില്‍ നിയമിക്കും. കണ്‍സള്‍ട്ടന്റ് ഗൈനക്കോളജി, അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളിലുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പ്രമോഷന്‍ മുഖേന അടിയന്തരമായി നികത്തുന്നതിനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കും സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയിലേക്കും ഒരോ 108 ആംബുലന്‍സുകള്‍ നല്‍കും. ഇതിനകം ജില്ലയില്‍ ബത്തേരിയിലും മാനന്തവാടിയിലും കാരുണ്യ ഫാര്‍മസികള്‍ പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി അറിയിച്ചു.

Latest