Connect with us

Gulf

'വോളിബോളിനോട് ഇന്ത്യന്‍ കായിക മന്ത്രാലയത്തിന് തികഞ്ഞ അവഗണന'

Published

|

Last Updated

അബുദാബി; ഇന്ത്യന്‍ ദേശീയ കായിക മന്ത്രാലയത്തിന് വോളിബോളിനോട് തികഞ്ഞ അവഗണനയാണെന്ന് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ്.

അബുദാബി ജിമ്മി ജോര്‍ജ് വോളിബോളിന് എത്തിയ അദ്ദേഹം സിറാജിനോട് സംസാരിക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് മന്ത്രാലയം മറ്റ് കായിക ഇനങ്ങള്‍ക്ക് നല്‍കുന്ന പരിഗണനയും പ്രോത്സാഹനവും വോളിബോളിന് നല്‍കുന്നില്ല. ഏഷ്യയില്‍ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യന്‍ ടീം.
ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി എന്നിവക്ക് ആവശ്യത്തിലധികം പരിഗണന നല്‍കുന്നു. ഗ്രാമങ്ങളുടെ തുടിപ്പായ വോളിബോളിനെ ഗെയിം ഇനത്തില്‍പോലും ഉള്‍പ്പെടുത്തുന്നില്ല. ക്രിക്കറ്റര്‍ രവിശാസ്ത്രിയെ പോലുള്ളവര്‍ വോളിബോളിനെ കായികമായി പരിഗണിക്കരുത് എന്ന അഭിപ്രായക്കാരാണ്- ടോം ജോസഫ് കുറ്റപ്പെടുത്തി. 1999മുതല്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ കളിക്കുന്ന ടോം ജോസഫ് 2012വരെ ടീമില്‍ സ്ഥിരാംഗമായിരുന്നു. 17 വര്‍ഷമായി കേരളാ ടീമിലുണ്ട്. നിരവധി തവണ ക്യാപ്റ്റനായിട്ടുണ്ട്.
ദേശീയ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള പരിശീലനം കേരള ടീം ആരംഭിച്ചുകഴിഞ്ഞു. കേരളാ ടീമിന്റെ സെലക്ഷനും പരിശീലനവും കഴിഞ്ഞ ദിവസം മുതല്‍ വയനാട്ടിലാണ് നടക്കുന്നത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോളിന്റെ വളര്‍ച്ചക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും ദേശീയ ടൂര്‍ണമെന്റുകള്‍ക്കും മറ്റുമായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് തുച്ഛമായ ഡി എയാണ് വോളിബോള്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി