Connect with us

Gulf

യു എ ഇ മാതൃക ലോകം സ്വാഗതം ചെയ്യുന്നു: ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ: രാജ്യം സൃഷ്ടിച്ച സ്വദേശി മാതൃക ലോകം സ്വാഗതം ചെയ്യുന്നതായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ലോകത്തിന് മുമ്പില്‍ സ്വന്തമായി ഒരു മാതൃക സൃഷ്ടിക്കാന്‍ രാജ്യത്തിന് സാധിച്ചൂവെന്നത് മഹത്തായ നേട്ടമായാണ് നാം കാണക്കാക്കുന്നത്. നമ്മുടെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ മാതൃകകളെ ലോകം ഉറ്റുനോക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നൂവെന്നത് അഭിമാനകരമായ കാര്യമാണ്. രാജ്യത്തിന്റെ രൂപീകരണത്തിന് ശേഷം ആദ്യ പതിറ്റാണ്ടില്‍ പ്രഥമ പരിഗണന നല്‍കിയത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും നിരക്ഷരത ഇല്ലാതാക്കാനുമായിരുന്നു. നാലാമത്തെ പതിറ്റാണ്ടില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനൊപ്പം മനുഷ്യ വിഭവ വികസനം സാധ്യമാക്കാനും പ്രയത്‌നിച്ചു. ശാസ്ത്രത്തിലും അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കാന്‍ രാജ്യത്തിന്റെ മിടുക്കരായ സന്താനങ്ങള്‍ക്ക് സാധിച്ചു.
ഇന്ന് രാജ്യത്തെ യുവാക്കളും യുവതികളും ആണവശാസ്ത്രം ഉള്‍പെടെയുള്ളവയില്‍ വലിയ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. ആദ്യ കാലത്ത് കൂടുതല്‍ ആളുകള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ് നാം പ്രയത്‌നിച്ചതെങ്കില്‍ പിന്നീട് കൂടുതല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനായി അത് മാറി. ഡിജിറ്റല്‍ രംഗത്തും രാജ്യം അസൂയാവഹമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. സമഗ്രമായ വികസന പാതയിലാണ് കഴിഞ്ഞ കുറേക്കാലമായി രാഷ്ട്രം ചലിക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പത്തു രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ യു എ ഇക്ക് സാധിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ യു എ ഇയുടെ സ്ഥാനം എട്ടാം സ്ഥാനത്താണ്. അറബ് മേഖലയിലെ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും നാം എത്തിയിരിക്കുന്നു. ഐ എം ഡി അന്വല്‍ റാങ്കിംഗിലാണ് രാജ്യം ഈ മഹത്തായ നേട്ടം കൈവരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഉയര്‍ന്ന ഗുണനിലവാരം, ബ്യൂറോക്രസിയുടെ അഭാവം, പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്, മികച്ച ഗതാഗത സംവിധാനം തുടങ്ങിയവയാണ് രാജ്യത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ലോകത്തില്‍ ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ അധിവസിക്കുന്ന 14ാമത്തെ രാഷ്ട്രവുമാണ് യു എ ഇ എന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.

---- facebook comment plugin here -----

Latest