Connect with us

Kerala

ഗ്രാമപഞ്ചായത്തുകളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് പുതിയ ചുമതലകള്‍ കൂടി

Published

|

Last Updated

തേഞ്ഞിപ്പലം: ഗ്രാമ പഞ്ചായത്തുകളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിന് വേണ്ടി സംസ്ഥാനത്തെ 978 ഗ്രാമ പഞ്ചായത്തുകളില്‍ താല്‍കാലികമായി നിയമിച്ചിട്ടുളള ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കി കഴിഞ്ഞ മാസം 11 ന് ഉത്തരവ് ഇറങ്ങി. എന്നാല്‍ നിയമനം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയായതിന് ശേഷമാണ് ടെകനിക്കല്‍ അസിസ്റ്റന്റുമാരുടെ യഥാര്‍ഥ ചുമതലകള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ തന്നെ അറിയുന്നത്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ആന്‍ഡ് ഡയറക്ടര്‍ 2012 മാര്‍ച്ച് 20 ന് സര്‍ക്കാറിന് സമര്‍പ്പിച്ച കത്ത് സര്‍ക്കാര്‍ വിശദമായ പഠിച്ച ശേഷമാണ് അടുത്ത ജൂണില്‍ തന്നെ നിര്‍ദിഷ്ട യോഗ്യതയുളള ഉദ്യോഗാര്‍ഥികളെ താല്‍കാലികമായി ഒരു വര്‍ഷത്തേക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്‍രുമാരായി നിയമിക്കാന്‍ ഗ്രാമ പഞ്ചായത്തിന് പൂര്‍ണ അധികാരം നല്‍കിയത്. ഈ ഉദ്യോഗാര്‍ഥികള്‍ക്ക് 13500 രൂപ മാസ ശമ്പളം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തന്നെ നല്‍കണമെന്ന വ്യവസ്ഥയുമുണ്ട്. എന്നാല്‍ നിയമനം നടന്ന് ഒരോ വര്‍ഷവും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ആന്‍ഡ് ഡയറക്ടറുടെ ശിപാര്‍ശ പരിഗണിച്ച് ഒരോ വര്‍ഷത്തേക്കും നിയമന കാലാവധി വര്‍ധിപ്പിച്ച് ഉത്തരവിറക്കാറാണ് പതിവ്.
നിയമനം നടന്നത് മുതല്‍ വിവിധ വിഷയങ്ങളിയായി കിലയില്‍ നിന്ന് പരിശീലനം ലഭിച്ചുവെന്നല്ലാതെ തങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ എന്തൊക്കെയെന്നത് വ്യക്തമല്ലായിരുന്നു. പലപ്പോഴും മിക്ക തദ്ദേശ സ്ഥാപനങ്ങളിലെയും പ്യൂണ്‍ മുതല്‍ സെക്രട്ടറി വരെയുളള ഉദ്യോഗസ്ഥരെ സഹായിക്കുക, ഫ്രണ്ട് ഓഫീസ് കുറ്റമറ്റതാക്കാന്‍ സഹായിക്കുക, ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സഹായികളാകുക, പഞ്ചായത്തിലെ ഡാറ്റാ എന്‍ട്രി വര്‍ക്കുകള്‍ നടത്തുക, ഡി ടി പി വര്‍ക്കുകള്‍ നടത്തുക, പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സെക്രട്ടറിയെ സഹായിക്കുക എന്നീ ചുമതലകളായിരുന്നു ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ നിര്‍വഹിച്ചിരുന്നത്.
ചില ഉദ്യോഗര്‍ഥികളാകട്ടെ തങ്ങളുടെ ചുമതല സാങ്കേതിക സഹായമാണെന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടഴിഞ്ഞിരിക്കുന്ന കമ്പ്യൂട്ടറുകള്‍ മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി സമയം തികക്കാറാണത്രെ. അതേസമയം ഇത്തരത്തിലുളള സാങ്കേതിക സഹായങ്ങള്‍ക്ക് ഉദ്യോഗസ്ഥരുണ്ടായിട്ടും മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ആവശ്യത്തിന് ഡാറ്റാ എന്‍ട്രി സിഡികള്‍, മറ്റു സോഫ്റ്റ് വെയറുകള്‍ സൂക്ഷിക്കുന്നതിനോ സംവിധാനങ്ങള്‍ ഒരുക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ചുമതലകള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഉത്തരവില്‍ പറയുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ: പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയറുകളുടെ ഷെഡ്യൂള്‍ ചെയ്ത ബാക്കപ്പുകള്‍ എല്ലാ ദിവസും മറ്റു കമ്പ്യൂട്ടറില്‍ നിന്ന് കോപ്പി ചെയ്ത് സൂക്ഷിക്കുക, മാസത്തിലൊരിക്കല്‍ ബാക്കപ്പുകള്‍ ഹാര്‍ഡ് വെയര്‍ രജിസ്റ്ററില്‍ സൂക്ഷിക്കുക, കമ്പ്യൂട്ടര്‍ വയറിന്റെ എര്‍ത്ത് സംവിധാനം ആറ് മാസത്തിലൊരിക്കല്‍ പരിശോധിക്കുക. ബാറ്ററി സംവിധാനം പരിശോധിക്കുക, സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക, ഓഫീസ് പ്രവര്‍ത്തനത്തിന് മുമ്പായി സെര്‍വറും കമ്പ്യൂട്ടറും ഫ്രണ്ട് ഓഫീസ് കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തുക. എല്ലാ കമ്പ്യൂട്ടറുകളിലും ആന്റി വൈറസ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക, പൈറേറ്റഡ് സോഫ്റ്റ് വെയറുകള്‍, തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ് വെയറുകള്‍ (ഫേസ്ബുക്ക്, യു ട്യൂബ്) പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ഓഫീസിലെ കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ ഉപകരണങ്ങള്‍ക്കും എ എം സി ഉണ്ടെന്ന് ഉറപ്പ് വരുത്തലും അവയുടെ വിവരങ്ങള്‍ ഹാര്‍ഡ് വെയര്‍ രജിസ്റ്ററില്‍ സൂക്ഷിക്കുക, പഞ്ചായത്ത് വെബ്‌സൈറ്റില്‍ സേവന വിവരങ്ങളും ടെന്‍ഡറുകളും അപ്‌ലോഡ്‌ചെയ്യുക, സോഫ്റ്റ് വെയറില്‍ വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ചെയ്യുക, ഇ-ഗവേണന്‍സ് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപയോഗിക്കാനാവശ്യമായ പരിശീലനങ്ങള്‍ നല്‍കുക, ജനന -മരണ രജിസ്‌ട്രേഷന്‍ പഴയ കാല വിവരങ്ങള്‍, ടാക്‌സ് നവീകരണം, ഡി ആന്‍ഡ് ഒ എന്നീ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍ വല്‍കരിക്കാനാവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങിയ ചുമതലകളാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്.

Latest