Connect with us

Kollam

ആഫ്രിക്കയില്‍ മലയാളികളെ ബന്ദികളാക്കിയെന്ന് പരാതി

Published

|

Last Updated

കൊട്ടാരക്കര: മലയാളികളായ പിതാവിനെയും മകനെയും ആഫ്രിക്കയിലെ സാംബിയയില്‍ ബന്ദികളാക്കി മൂന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി പരാതി. പണം കണ്ടെത്താനായി നാട്ടിലേക്കയച്ച ഭാര്യയും മൂത്ത മകനും നാട്ടിലെത്തി, മുഖ്യമന്ത്രിയുടെ ഓഫീസിലും നോര്‍ക്കയിലും ഇന്ത്യന്‍ എംബസിയിലുമടക്കം ഇവര്‍ പരാതി നല്‍കി. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര പണ്ടാരഴികത്ത് വീട്ടില്‍ കെ രവീന്ദ്രന്‍ (57), മകന്‍ റോനക് രവീന്ദ്രന്‍ (25) എന്നിവരെയാണ് സാംബിയയിലെ ലുക്‌സാനയില്‍ ബന്ദികളാക്കപ്പെട്ടത്. ലുക്‌സാനയിലെ റവീസാ പെട്രോളിയം കമ്പനിയില്‍ നാല് വര്‍ഷമായി ജനറല്‍ മാനേജരായി ജോലി ചെയ്തുവരികയാണ് രവീന്ദ്രന്‍. ഇതിന്റെ ഉടമ ഫാറൂഖ് സീദത്താണ് രവീന്ദ്രനെയും മകനെയും ബന്ദികളാക്കിയതെന്നാണ് ഭാര്യ രാധാ രവീന്ദ്രന്‍ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. രവീന്ദ്രനും ഭാര്യയും രണ്ട് മക്കളും ഇതേ കമ്പനിയിലെ ജീവനക്കാരാക്കിയിരുന്നു. ജോലിക്ക് കയറിയ സമയത്ത് രവീന്ദ്രന് നല്‍കാമെന്ന് ഏറ്റിരുന്ന ആനുകൂല്യങ്ങള്‍ കമ്പനി ഉടമ നല്‍കാന്‍ കൂട്ടാക്കാതായതോടെ മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ രവീന്ദ്രന്‍ ശ്രമം നടത്തിയതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് വീട്ടുകാര്‍ പറയുന്നു. ഇത് കമ്പനി ഉടമ ഫാറൂഖ് സീദത്തിന്റെ ചെവിയിലെത്തുകയും രവീന്ദ്രനെയും മകന്‍ റോനക് രവീന്ദ്രനെയും കള്ളക്കേസ് കൊടുത്ത് പോലീസ് ലോക്കപ്പിലാക്കുകയും പിന്നീട് ഇവിടെ നിന്ന് മോചിതരായ ഇവരെ ഈ മാസം 20ന് കമ്പനിയുടെ കെട്ടിടത്തിന്റെ മുകളിലത്തെ മുറിയില്‍ പൂട്ടി ഇടുകയുമാണുണ്ടായതെന്ന് നാട്ടിലെത്തിയ ഭാര്യ രാധാ രവീന്ദ്രനും ഇളയ മകന്‍ രഞ്ചു രവീന്ദ്രനും പറഞ്ഞു.

തോക്ക് തലയില്‍ വെച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം നിരവധി പേപ്പറുകളിലും മറ്റും രവീന്ദ്രനെക്കൊണ്ട് ഒപ്പിട്ട് വാങ്ങിക്കുകയും ചെയ്തു. രാധയെയും മകനെയും കമ്പനിയില്‍ കൊണ്ടുവന്ന ശേഷം ഇവരെയും തോക്ക് ചൂണ്ടി പേപ്പറുകളിലും മറ്റും ഒപ്പിടീച്ചു. 30 ലക്ഷം ഡോളര്‍ (ഏകദേശം മൂന്നര കോടി രൂപ) തന്നില്ലെങ്കില്‍ കുടുംബത്തെ ഒന്നടങ്കം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. തങ്ങളുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയപ്പോള്‍ നാട്ടിലെത്തി സ്വര്‍ണങ്ങളും മറ്റും വിറ്റ് വരുന്ന ഡിസംബര്‍ ഒന്നിന് മുമ്പായി ഹവാല വഴി പണം തനിക്ക് അയച്ചു തരണമെന്ന ഉറപ്പിലാണ് രാധയെയും രഞ്ചുവിനെയും നാട്ടിലേക്ക് വിട്ടത്. വിമാന മാര്‍ഗം 26ന് ദുബൈയിലെത്തിയ ഇവര്‍ 27ന് കൊട്ടാരക്കരയിലെ വീട്ടിലെത്തിയശേഷമാണ് മുഖ്യ മന്ത്രിയുടെ ഓഫീസിലും നോര്‍ക്കയിലുമടക്കം പരാതി നല്‍കിയത്.

Latest