Connect with us

Kerala

സൂരജിന് കണ്ടെത്തിയതിലും കൂടുതല്‍ സ്വത്തുണ്ടാകാമെന്ന് വിജിലന്‍സ്

Published

|

Last Updated

കൊച്ചി: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന് ഇതുവരെ കണ്ടെത്തിയതിലും കൂടുതല്‍ സ്വത്തുണ്ടാകാമെന്ന് വിജിലന്‍സ്. ഇത് കണ്ടെത്തുന്നതിന് വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കി. എറണാകുളം, കൊച്ചി, ഇടപ്പള്ളി, ആലുവ എന്നീ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് സൂരജിന് നാലിടത്ത് ഡിക്ലയര്‍ ചെയ്യാത്ത സ്വത്തുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയത്.
എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സൂരജിന് കൂടുതല്‍ സ്വത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിജിലന്‍സ് കരുതുന്നത്. ഇതര ജില്ലകളിലും സൂരജ് സ്വത്ത് വാങ്ങിക്കൂട്ടിയിരിക്കാനുള്ള സാധ്യത വിജിലന്‍സ് തള്ളിക്കളയുന്നില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വിവിധ ജില്ലകളില്‍ സൂരജിന്റെയോ ബന്ധുക്കളുടെയോ പേരില്‍ സ്വത്തുണ്ടോ എന്ന് കണ്ടെത്താന്‍ ജില്ലാ രജിസ്ട്രാര്‍മാരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഐജിയില്‍ നിന്നും വിജിലന്‍സ് സംഘം വിവരങ്ങള്‍ ശേഖരിക്കും. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടന്നുവരികയാണ്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഡിവൈ എസ് പി വേണുഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ്.
കേരളത്തിന് പുറത്തും സൂരജിന് സ്വത്തുണ്ടെന്ന് സൂചനയുണ്ടെങ്കിലും അതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഗള്‍ഫില്‍ സൂരജിന് ഫഌറ്റ് ഉള്ളതായി സംശയമുണ്ടായിരുന്നു. എന്നാല്‍ അത് സൂരജിന്റെ മരിച്ചുപോയ സഹോദരന്‍ ടി ഒ സുനിലിന്റെതാണെന്നാണ് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞത്. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ കോടതിയില്‍ നിന്ന് ഇന്ന് വിട്ടുകിട്ടുമെന്നാണ് കരുതുന്നത്. ഇതോടെ അന്വേഷണം കൂടുതല്‍ വേഗത്തിലാകും.
സൂരജിന്റെ അവിഹിത സ്വത്ത് സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിജിലന്‍സ് ആദായനികുതി വകുപ്പിന് കൈമാറുന്നുണ്ട്. അതോടെ അടുത്ത ഘട്ടമായി ആദായനികുതി വകുപ്പും അന്വേഷണവുമായി സൂരജിന് പിന്നാലെ വരും.