Connect with us

Ongoing News

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്‌സിന് ജയം

Published

|

Last Updated

ന്യൂഡല്‍ഹി: വിജയം അത് ആഗ്രഹിച്ച രീതിയില്‍ അത്യന്തം ആവേശഭരിതമായി തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗോളടിക്കാന്‍ മറന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒടുവില്‍ വിജയം നേടാന്‍ എവേ മത്സരത്തിന്റെ ചുവട് പിടിക്കേണ്ടി വന്നു. ഡല്‍ഹി ഡയനാമോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. 60-ാം മിനിറ്റില്‍ പെന്‍ ഓര്‍ജിയാണ് കേരളത്തിന്റെ വിജയ ഗോള്‍ നേടിയത്. കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സൂപ്പര്‍ താരം ഹ്യൂമിന്റെ ക്രോസ് ഓജി ഡല്‍ഹിയുടെ പ്രതിരോധനിരയെയും ഗോളിയെയും കബളിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ മത്സരത്തെ നിയന്ത്രിച്ചിരുന്നത് ഡല്‍ഹിയായിരുന്നു. നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നാല്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഫിനിഷിങ്ങിലെ പോരായ്മകള്‍ കേരളത്തെ ഇത്തവണയും വലച്ചു. ഗോളെന്നു കരുതിയ പല അവസരങ്ങളും നഷ്ടമാവുകയായിരുന്നു. ക്രോസ് പാസുകള്‍ കണക്ടു ചെയ്യാന്‍ അവസരോചിതമായി കളിക്കാരെത്താത്തതിനെത്തുടര്‍ന്ന് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.
ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ മത്സരവും അന്ത്യന്തം ആവേകരമായാണ് ആരംഭിക്കാറുള്ളത് പക്ഷെ ഗോള്‍ എന്ന ലക്ഷ്യം മാത്രം എന്നും അന്യമായി നില്‍ക്കും അതിനൊരറുതി വരുത്തുകയായിരുന്നു ഇന്നത്തെ മത്സരത്തിലൂടെ.
രണ്ടാം പകുതിയില്‍ കേരള കൂടുതല്‍ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. ഇതിന്റെ ഫലം 60-ാം മിനിറ്റില്‍ ലഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഹ്യൂമിനും മികച്ചൊരു അവസരം ലഭിച്ചു. എന്നാല്‍ ഡല്‍ഹിയുടെ ഗോളി തട്ടി അകറ്റുകയായിരുന്നു. പിന്നീടും കേരളത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങില്‍ പിഴക്കുകയായിരുന്നു.
ഇരു പോസ്റ്റുകളിലും മികച്ച ധാരാളം മുന്നേറ്റങ്ങളുണ്ടായിരുന്നു. ഡല്‍ഹി പോസ്റ്റിനു മുന്നില്‍ വന്‍മതില്‍ പോലെ ആറടിയിലേറെ നീളമുള്ള വാന്‍ ഹൗട്ട് നിന്നതോടെ പല അവസരങ്ങളും ഹൗട്ടില്‍ തട്ടിത്തെറിച്ചു. ഹ്യൂമിന്റെ തീപാറുന്ന ചില മുന്നേറ്റങ്ങള്‍ അവസാന നിമിഷം ഫലവത്താകാതെ പോയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പ് സ്തബ്ദരായി.
ഡല്‍ഹി കേരളാ പോസ്റ്റിലേക്ക് നടത്തിയ ചില ഉഗ്രന്‍ മുന്നേറ്റങ്ങള്‍ ഡേവിഡ് ജെയിംസ് എന്ന മികച്ച ഗോളിയുടെ മികവിനുമുന്നിലും മികച്ച ഡിഫന്‍ഡര്‍മാരുടെ മികവിലും തട്ടിത്തെറിക്കുകയായിരുന്നു.
രണ്ടാം പാദത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ നേരിയ മുന്‍തൂക്കം ഡല്‍ഹിക്കുണ്ടായിരുന്നു. എന്നാല്‍ ഓര്‍ജിയുടെ അപ്രതീക്ഷിത ഗോള്‍ അവരുടെ താളം തെറ്റിച്ചു.
ഇനിയുള്ള മത്സരങ്ങളില്‍ ശക്തമായി മുന്നോട്ട് പോകാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഈ വിജയം ഒരുപാട് സഹായിക്കും. മികച്ച സ്‌ട്രൈക്കര്‍മാരുണ്ടായിട്ടും ഗോളടിക്കാന്‍ സാധിക്കുന്നില്ല എന്ന പോരായ്മ പെന്‍ ഓര്‍ജിയുടെ ഉണര്‍വിലൂടെ നികത്താന്‍ കഴിഞ്ഞിരിക്കുകയാണ്. അവസോരിചിത ഇടപെടല്‍ നടത്താന്‍ കഴിയുന്നതാണ് പലതവണ ഗോള്‍ വഴങ്ങാനുള്ള സാഹചര്യങ്ങളിലും കേരളത്തെ രക്ഷിച്ചത്.
ഒമ്പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമായി ഇപ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണ്. കൊല്‍ക്കത്തയും ചെന്നൈയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ലീഗില്‍ ഏറ്റവും അവസാന സ്ഥാനക്കാരാണ് ഡല്‍ഹി. തുടക്കത്തിലുണ്ടായിരുന്ന പ്രതിരോധക്കെട്ടുറപ്പ് നഷ്ടപ്പെട്ടതാണ് അവസാന മത്സരങ്ങളില്‍ തുടര്‍ച്ചയായ തോല്‍വികളിലേക്ക് അവരെ നയിച്ചത്. ഒടുവില്‍ എഫ് സി ഗോവയ്‌ക്കെതിരെ നാല് ഗോള്‍ വഴങ്ങിയുള്ള തോല്‍വി അവരുടെ അത്മവിശ്വാസം നഷ്ടപ്പെടുത്തിയിരുന്നു. ഇന്നത്തെ മത്സരവും അവര്‍ക്ക് പ്രതികൂലമായി.