Connect with us

Kozhikode

കേന്ദ്ര സര്‍ക്കാര്‍ നീക്കം തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍: ജെ ഉദയഭാനു

Published

|

Last Updated

കോഴിക്കോട്: മിനിമം വേജ് ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണെന്ന് എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി ജെ ഉദയഭാനു. കേരള സ്റ്റേറ്റ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ ഐ ടി യു സി) 14 ാം സംസ്ഥാന സമ്മേളനം~ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങളിലൂടെ രാജ്യത്തെ തൊഴിലാളികള്‍ നേടിയെടുത്ത ആനുകൂല്യങ്ങള്‍ മോദി സര്‍ക്കാര്‍ കാറ്റില്‍ പറത്തുകയാണ്.
പാര്‍ലിമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്തെ കുത്തക മുതലാളിമാര്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നത്. തൊഴില്‍ മേഖലയില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമം ഐ എം എഫിന്റേയും ലോകബേങ്കിന്റേയും താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. തൊഴില്‍ മേഖലയെ മൂലധന ശക്തികള്‍ക്ക് അനുകൂലമാക്കിമാറ്റാനുള്ള ഗൂഢ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
രാജ്യത്തെ തൊഴിലാളി സമൂഹം കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി അവകാശ സംരക്ഷണ പോരാട്ടത്തിലാണ്. കമ്പോള മൂലധന ശക്തികള്‍ക്ക് രാജ്യത്ത് ഇഷ്ടംപോലെ മേയാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു പുതിയ തൊഴില്‍ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രചരിപ്പിച്ച് സംഘടനയെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപവത്കരിച്ചത്. അവകാശ സംരക്ഷണത്തിനായി രാഷ്ട്രീയ വൈരം മറന്ന് തൊഴിലാളി സമൂഹം രാജ്യമാകെ ഒന്നിക്കുമ്പോള്‍ ഇത്തരത്തില്‍ സംഘടനയെ പിളര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള താക്കീതാണ് കോഴിക്കോട്ട് ചേരുന്ന സംസ്ഥാന സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
കെ ജി പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് വൈക്കം വി ജെ തോമസ് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. സി സുബ്രഹ്മണ്യന്‍ രക്തസാക്ഷി പ്രമേയവും പി വി മാധവന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ ഡി രഞ്ജിത്കുമാര്‍, സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി വി ബാലന്‍, കെ ചന്ദ്രഹാസ ഷെട്ടി, പി കെ ലക്ഷ്മീദാസ്, എസ് ശാന്തമ്മ, ടി എം സജീന്ദ്രന്‍, സി പി സദാനന്ദന്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest