Connect with us

National

സേനക്ക് ഇരുട്ടടിയായി പ്രഭുവിന്റെ മന്ത്രിസ്ഥാനം

Published

|

Last Updated

ന്യൂഡല്‍ഹി/ മുംബൈ: മഹാരാഷ്ട്രയില്‍ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനക്ക് ഇരുട്ടടിയായി സുരേഷ് പ്രഭുവിന്റെ കേന്ദ്ര മന്ത്രി ലബ്ധി. രാവിലെ മുതല്‍ തുടങ്ങിയ നാടകീയ രംഗങ്ങള്‍ അവസാനിച്ചത് സത്യപ്രതിജ്ഞാ ചടങ്ങോടെയാണ്. രാവിലെയാണ് ശിവസേനയില്‍ നിന്ന് രാജിവെച്ച് പ്രഭു, ബി ജെ പി അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് നേരെ സത്യപ്രതിജ്ഞാ വേദിയില്‍. അടുത്തുതന്നെ അദ്ദേഹം രാജ്യസഭാംഗമാകും.
വാജ്പയി സര്‍ക്കാറില്‍ ഊര്‍ജ മന്ത്രിയായിരുന്നു. തീരപ്രദേശ കൊങ്കണ്‍ മേഖലയാണ് കര്‍മമണ്ഡലം. ബ്രിസ്‌ബേനില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ മോദിയെ സഹായിക്കാനുള്ള “ഷെര്‍പ” ആയി നിയമിതനായിട്ടുണ്ട്. എന്‍ ഡി എ സര്‍ക്കാറില്‍ വ്യവസായം, പരിസ്ഥിതി, വനം, വളം, ഊര്‍ജം, ഘന വ്യവസായം, പൊതു സംരംഭകത്വം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1996 മുതല്‍ 2009 വരെ കൊങ്കണിലെ രാജാപൂര്‍ മണ്ഡലത്തെ നാല് തവണ പ്രതിനിധാനം ചെയ്തു. 2009ല്‍ പരാജയപ്പെട്ടു. നേരത്തെ ജനതാ പാര്‍ട്ടി നേതാവായിരുന്ന മധു ദന്തേവാഡ പ്രതിനിധാനം ചെയ്ത സീറ്റ് ഇതായിരുന്നു. 2013ലെ വാര്‍തോണ്‍ ഇന്ത്യ ഇകണോമിക് ഫോറത്തില്‍ നരേന്ദ്ര മോദിയുടെ മുഖ്യ പ്രഭാഷണം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വാര്‍തോണ്‍ സ്‌കൂള്‍ സന്ദര്‍ശനം അദ്ദേഹം ഒഴിവാക്കിയിരുന്നു. ഈ നടപടി ബി ജെ പിയുടെ പ്രശംസ പിടിച്ചുപറ്റി.
കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗിന്റെ ഇളയ മകന്‍ അജത്ശത്രു സിംഗും ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

Latest