Connect with us

National

ശാരദാ ചിട്ടി ഫണ്ട് കുംഭകോണം: ഒഡീഷയില്‍ എം പി അറസ്റ്റില്‍

Published

|

Last Updated

ഭുവനേശ്വര്‍: ശാരദാ ചിട്ടി് ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബി ജെ ഡിയുടെ കൂടുതല്‍ പ്രമുഖ നേതാക്കളെ സി ബി ഐ അറസ്റ്റ് ചെയ്തു. ബി ജെ ഡിയുടെ മയൂര്‍ഭഞ്ച് എം പി രാമചന്ദ്ര ഹന്‍സ്ദ, മുന്‍ എം എല്‍ എമാരായ ബി ജെ ഡിയിലെ സുബര്‍ണ നായിക്ക്, ബി ജെ പിയിലെ ഹിതേഷ് ബാഗര്‍തി എന്നിവരാണ് അറസ്റ്റിലായത്. കോടികളുടെ തട്ടിപ്പ് നടന്നതായാണ് അറിയുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, ഫണ്ട് വകമാറ്റല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. നവദിഗന്ധ ക്യാപ്പിറ്റല്‍ സര്‍വീസ് ലിമിറ്റഡ് എന്ന ചിട്ടിഫണ്ട് കമ്പനിയുടെ ഡയറക്ടര്‍മാരായിരുന്നു ഇവര്‍.
ഒഡീഷയില്‍ 44 ചിട്ടി ഫണ്ട് കമ്പനികള്‍ അതില്‍ പണം നിക്ഷേപിച്ച ആയിരക്കണക്കിന് ആളുകളെ പറ്റിച്ചിട്ടുണ്ട്. ഹന്‍സ്ദയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 28 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ഈ പണം തന്റെതാണെന്ന് ഹന്‍സ്ദ പറഞ്ഞിട്ടുണ്ട്. മൂവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ച് മണിക്കൂറുകള്‍ക്കകം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാമചന്ദ്ര ഹന്‍സ്ദയെയും സുബര്‍ണ നായികിനെയും ബി ജെ ഡി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ശാരദാ സ്ഥാപകന്‍ സുദീപ്ത സെന്‍, ദേബജനി മുഖര്‍ജി, സസ്‌പെന്‍ഷനിലുള്ള തൃണമൂല്‍ രാജ്യസഭാംഗം കുണാല്‍ ഘോഷ് എന്നിവരെ ഉള്‍പ്പെടുത്തി 25 പേജ് വരുന്ന കുറ്റപത്രം സി ബി ഐ സമര്‍പ്പിരുന്നു. ആരോപണവിധേയരില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം സമാഹരിച്ച് പ്രവര്‍ത്തിച്ചതിനാല്‍ സാമ്പത്തിക നിയന്ത്രണ സമിതികളുടെ പങ്കും മറ്റ് ഗൂഢാലോചനയും വെളിച്ചത്ത് കൊണ്ടുവരാനാണ് സി ബി ഐ ലക്ഷ്യമിടുന്നത്. ശാരദാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ശാരദാ ഗാര്‍ഡന്‍സ്, ശാരദാ റിയാലിറ്റി, ശാരദാ കണ്‍സ്ട്രക്ഷന്‍സ്, സ്ട്രാറ്റജിക് മീഡിയ എന്നീ കമ്പനികളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.