Connect with us

Malappuram

ഇ എം എസ് സഹകരണാശുപത്രിയില്‍ ഹൈടെക് കെട്ടിട സമുച്ചയമൊരുങ്ങുന്നു

Published

|

Last Updated

പെരിന്തല്‍മണ്ണ: ഇ എം എസ് മെമ്മോറിയല്‍ സഹകരണാശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പത്ത് നിലകളോടുകൂടിയ ഹൈടെക് കെട്ടിട സമുച്ചയമൊരുങ്ങുന്നു.
ഹൈടെക് ബില്‍ഡിംഗിന്റെ ശിലാസ്ഥാപനം എട്ടിന് രാവിലെ പത്തിന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നിര്‍വഹിക്കും. ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയില്‍ കുറഞ്ഞ ചെലവില്‍ വിദഗ്ധ ചികിത്സ നല്‍കി വരുന്ന ഇ എം എസ് സഹകരണാശുപത്രിക്ക് എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.
റേഡിയേഷന്‍ സംവിധാനത്തോട് കൂടിയ സമ്പൂര്‍ണ ക്യാന്‍സര്‍ രോഗ ചികിത്സാ വിഭാഗം, കിഡ്‌നി, കരള്‍ തുടങ്ങിയ മാറ്റി വെക്കുന്നതിനുള്ള സംവിധാനം, ബ്ലഡ് ബേങ്ക്, ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്, നവീകരിച്ച ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം തുടങ്ങിയ ചികിത്സാ വിഭാഗങ്ങളും ഡീലക്‌സ് സ്യൂട്ട് റൂമുകള്‍ ഉള്‍പ്പെടെ 250 കിടക്കകള്‍, വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സോളാര്‍ സിസ്റ്റം, എക്കോ ഫ്രണ്ട്‌ലി തുടങ്ങിയ സൗകര്യങ്ങളോട് കൂടി നിര്‍മിക്കുന്ന ഹൈടെക് കെട്ടിടത്തിനും അനുബന്ധ ഉപകരണങ്ങള്‍ക്കും 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി എം അലി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പാലോളി മുഹമ്മദ്കുട്ടി, എന്‍ സൂപ്പി, ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, എ വിജയരാഘവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. എ മുഹമ്മദ്, വൈസ് ചെയര്‍മാന്‍ വി ശശികുമാര്‍, ഡയറക്ടര്‍ വി യു സീതി, ജനറല്‍ മാനേജര്‍ എം അബ്ദുല്‍നാസിര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ജിമ്മി കാറ്റടി പങ്കെടുത്തു.