Connect with us

Ongoing News

തൊഴിലുറപ്പ് പദ്ധതിയിലില്ലാത്ത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 'ശ്രദ്ധ' പദ്ധതി

Published

|

Last Updated

പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ കുടുംബങ്ങളില്‍ 43 ശതമാനം പേരും പദ്ധതിക്ക് പുറത്ത്. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കിയാണ് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതെങ്കിലും താഴെ തട്ടില്‍ കിടക്കുന്നവര്‍ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. നടപ്പാക്കി എട്ട് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്തെ സ്ഥിതിയാണിത്. 25 ശതമാനം പട്ടികജാതി കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിച്ചില്ല. പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടും ചിലയിടങ്ങളില്‍ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് മുന്‍ഗണന നല്‍കിയുളള കേന്ദ്ര ഉത്തരവ് ഉണ്ടായിരിക്കെയാണ് ഈ സ്ഥിതി.

വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന് മാത്രമല്ല പിന്നോക്കക്കാര്‍ താമസിക്കുന്ന ചില പ്രദേശങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ഈ വിഭാഗങ്ങളെ ഗുണഭോക്താക്കളാക്കാന്‍ “എന്റെ വികസനം, എന്റെ അവകാശം എന്ന സന്ദേശവുമായി “ശ്രദ്ധ എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ ഗ്രാമവികസന വകുപ്പ് ഉത്തരവായി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതി പരിചയപ്പെടുത്തുന്ന പ്രചാരണമാണ് ആദ്യം നടത്തുക. തുടര്‍ന്ന് വ്യക്തിഗത, സാമൂഹിക ആസ്തികളെക്കുറിച്ച് വീടുകള്‍ തോറും ക്ലാസുകളെടുക്കും.
മുഴുവന്‍ കുടുംബങ്ങളുടെയും രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍. വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫിസര്‍, എന്‍ജിനീയര്‍, ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, എസ്‌സി-എസ്ടി പ്രമോട്ടര്‍മാര്‍ എന്നിവരുള്‍പ്പെട്ട സംഘം വീടുകള്‍ സന്ദര്‍ശിച്ച് വ്യക്തിഗത ആനുകൂല്യങ്ങളും ആവശ്യങ്ങളും നേരിട്ടു വിലയിരുത്തും. ഗുണഭോക്തൃ പട്ടികയിലെ അപാകതകള്‍ പരിശോധിച്ചു തിരുത്തണം. കുടുംബങ്ങളുടെ ആവശ്യമനുസരിച്ചായിരിക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍. അവ ഈ വര്‍ഷത്തെ പദ്ധതിയില്‍ അനുബന്ധമായി ഉള്‍പ്പെടുത്തും. ശാരീരിക, മാനസിക വൈകല്യമുള്ളര്‍, 15 വയസ്സിന് താഴെയുളള പെണ്‍കുട്ടികള്‍ എന്നിവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കണം.
പട്ടികവര്‍ഗ കുടുംബങ്ങളില്‍ വനാവകാശ നിയമമനുസരിച്ച് ഭൂമി ലഭിച്ച കുടുംബങ്ങള്‍ക്ക് മറ്റു സ്വകാര്യഭൂമിയില്ലെങ്കില്‍ അവരില്‍ നിന്നു 150 ദിവസത്തേക്കുള്ള തൊഴില്‍ അപേക്ഷ സ്വീകരിക്കാനാണു തീരുമാനം. കുടുംബങ്ങള്‍ ആവശ്യപ്പെടുന്ന നിര്‍മാണങ്ങള്‍ രേഖപ്പെടുത്തുന്ന ഫോറത്തിന്റെ കോപ്പി ഗുണഭോക്താവിനു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഇവരുടെ സങ്കേതങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍മാണങ്ങളും പദ്ധതി മുഖേന നടപ്പാക്കാന്‍ അനുമതി നല്‍കി. അതതു ഗ്രാമപഞ്ചായത്തുകളാണ് പ്രചാരണം സംഘടിപ്പിക്കേണ്ടത്. പ്രദേശത്തെ കുടുംബങ്ങളുടെ യോഗംവിളിച്ച് പദ്ധതി നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യും.