Connect with us

Gulf

മൊബൈല്‍ വഴി ലോട്ടറി തട്ടിപ്പ് വീണ്ടും; 10 അംഗ സംഘം പിടിയിലായി

Published

|

Last Updated

ഷാര്‍ജ: മൊബൈല്‍ ഫോണ്‍ വഴി തട്ടിപ്പ് നടത്തി പണം പറ്റുന്ന സംഘങ്ങള്‍ നഗരത്തിലും പരിസരങ്ങളിലും വീണ്ടും സജീവമായതായി റിപ്പോര്‍ട്ടുകള്‍. പെട്ടെന്ന് പണക്കാരനാകാന്‍ ആഗ്രഹിച്ചുനടക്കുന്ന ദുര്‍ബല ഹൃദയരെ മൊബൈല്‍ ഫോണ്‍ വഴി തന്ത്രപൂര്‍വം വലയില്‍ വീഴ്ത്തി പണം കൈക്കലാക്കുന്നതാണ് സംഘത്തിന്റെ രീതി.
പ്രമുഖമായ ചില കമ്പനികളുടെ പേര് പറഞ്ഞ് താന്‍ കമ്പനിയുടെ പ്രതിനിധിയാണെന്നും നിങ്ങള്‍ക്ക് വന്‍തുകയുടെ സമ്മാനം അടിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് സംഘം ഇരകളെ വരുതിയിലാക്കുക. ഇത്തരം സംഘങ്ങളെ പലപ്പോഴായി നഗരത്തില്‍ നിന്നു പോലീസ് പൊക്കിയിരുന്നെങ്കിലും ഇപ്പോഴും ഇത്തരക്കാരുടെ തട്ടിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തവണ പോലീസ് വിരിച്ച വലയില്‍ കുടുങ്ങിയത് ഇത്തരം വ്യാജ ലോട്ടറി സംഘങ്ങളിലെ പത്ത് പേരടങ്ങുന്ന സംഘമാണ്. ഷാര്‍ജയുടെ അയല്‍ എമിറേറ്റില്‍ ഫഌറ്റ് വാടകക്കെടുത്ത് തങ്ങളുടെ തട്ടിപ്പുകള്‍ക്ക് കേന്ദ്രമായി ഉപയോഗിക്കുന്ന സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. സംഘാംഗങ്ങളെല്ലാം പാക്കിസ്ഥാനികളാണ്. ഏതാനും ദിവസം മുമ്പ് ഷാര്‍ജയില്‍ നിന്ന് തന്നെ സമാനമായ കേസില്‍ പാക്കിസ്ഥാനികളായ എട്ടംഗ സംഘത്തെ പിടികൂടിയിരുന്നു.
മൊബൈല്‍ നമ്പറിന് വന്‍തുകയുടെ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇരയെ വിശ്വസിപ്പിക്കുന്ന സംഘം, കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘം പറയുന്ന മൊബൈല്‍ നമ്പറിലേക്ക് നിശ്ചിത സംഖ്യ റീചാര്‍ജ് ചെയ്യണമെന്നും ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെയും രീതി. അതിമോഹക്കാര്‍ വീഴുന്ന ഇത്തരം ചതിയിലൂടെ ലഭിക്കുന്ന സംഖ്യ ആവശ്യക്കാര്‍ക്ക് റീചാര്‍ജ് ചെയ്തു നല്‍കിയാണ് സംഘം പണമാക്കി മാറ്റുന്നത്. കിട്ടുന്ന തുക വീതിച്ചെടുക്കുന്ന സംഘാംഗങ്ങളെ ഓരോരുത്തരെയായി ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പോലീസ് പൊക്കിയത്.