Connect with us

Kerala

മാരിടൈം ബോര്‍ഡ് ഓര്‍ഡിനന്‍സിന് അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം: പരിഷ്‌കരിച്ച കേരള മാരിടൈം ബോര്‍ഡ് ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ തുറമുഖ വകുപ്പും സംസ്ഥാന മാരിടൈം ഡവലപ്പ്‌മെന്റ് കോര്‍പറേഷനും മാരിടൈം സൊസൈറ്റിയും ലയിച്ച് ബോര്‍ഡിന്റെ ഭാഗമാകും. സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ നടത്തിപ്പും നിയന്ത്രണവും ബോര്‍ഡില്‍ നിഷിപ്തമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് അംഗീകാരത്തിനായി ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.
2012 ഒക്‌ടോബര്‍ പത്തിന് അന്നത്തെ സര്‍ക്കാര്‍ മാരിടൈം ബോര്‍ഡ് രൂപവത്കരിക്കാന്‍ തീരുമാനിച്ച് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചിരുന്നു. ഈ മാസം 22ന് ആണ് അനുമതി ലഭിച്ചത്. ഈ കാലയളവില്‍ കേന്ദ്രം നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്ളിക്കൊള്ളിച്ചതാണ് പുതിയ ഓര്‍ഡിനന്‍സ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ തീരുമാനമായി. ഇതിനായി 150 കോടി രൂപയുടെ പദ്ധതി നബാര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഈ വര്‍ഷം 64 കോടിയും അടുത്തവര്‍ഷം 86 കോടിയും ലഭിക്കുന്നതോടെ അശുപത്രിയുടെയും കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയും. ഇതിനു പുറമേ, കാസര്‍കോട് പാക്കേജിന് അനുവദിച്ച തുകയില്‍ നിന്ന് 25 കോടി രൂപയും മെഡിക്കല്‍ കോളജിന് ലഭ്യമാക്കും. കിറ്റ്‌കോക്കാണ് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ നിര്‍വഹിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ പി മോഹനന് പുറമെ, മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ടെക്‌നോപാര്‍ക്കില്‍ ബസ് സ്റ്റേഷന്‍, ബസ് ബേ, ടെര്‍മിനല്‍ എന്നിവ നിര്‍മിക്കാന്‍ 1.83 ഏക്കര്‍ സ്ഥലം വിട്ടുനല്‍കും. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ 2,000 മുതല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 126 അറ്റന്‍ഡര്‍മാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Latest