Connect with us

International

കിഴക്കന്‍ ഉക്രൈനില്‍ വിമത സ്വാധീനം ശക്തമാക്കാന്‍ റഷ്യ

Published

|

Last Updated

മോസ്‌കോ/കീവ്: ഉക്രൈന്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പാശ്ചാത്യപക്ഷം ഉജ്ജ്വല വിജയം നേടിയ പശ്ചാത്തലത്തില്‍ കിഴക്കന്‍ ഉക്രൈനിലെ വിമതരില്‍ സ്വാധീനം ശക്തമാക്കാന്‍ റഷ്യ തീരുമാനിച്ചു. കിഴക്കന്‍ പ്രവിശ്യകളായ ഡൊണറ്റ്‌സ്‌കിലും ലുഹാന്‍സ്‌കിലും റഷ്യന്‍ അനുകൂലികള്‍ നടത്തുന്ന സമാന്തര വോട്ടെടുപ്പിനെ പിന്തുണക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രഖ്യാപിച്ചു. നേരത്തേ തീരുമാനിച്ച പ്രകാരം തിരഞ്ഞെടുപ്പ് നടക്കും. അതിന്റെ ഫലം റഷ്യ അംഗീകരിക്കുകയും ചെയ്യും. ജനപക്ഷത്ത് നില്‍ക്കുകയാണ് റഷ്യ ചെയ്യുന്നത്- ലാവ്‌റോവ് പ്രമുഖ റഷ്യന്‍ ദിനപത്രത്തോട് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച നടന്ന ഉക്രൈനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പില്‍ ഈ മേഖലകള്‍ പങ്കെടുത്തിരുന്നില്ല. അടുത്ത ഞായറാഴ്ചയാണ് ഇവിടെ വിമതര്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ്. മേഖലയില്‍ സ്വയം ഭരണത്തിനായി പോരാടുന്നവരാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും അത് സ്വതന്ത്രമായിരിക്കുമെന്നും ലാവ്‌റോവ് അവകാശപ്പെട്ടു. ഈ തിരഞ്ഞെടുപ്പില്‍ ജയിച്ച് വരുന്നവരായിരിക്കും മേഖലയിലെ യഥാര്‍ഥ ഭരണാധികാരികള്‍. ഉക്രൈനില്‍ നടന്ന തിരഞ്ഞെടുപ്പും അംഗീകരിക്കുന്നു. അന്താരാഷ്ട്ര നിരീക്ഷകരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് അന്തിമ പ്രതികരണം അറിയിക്കും.
അതേസമയം, ആറ് മാസമായി മേഖലയില്‍ തുടര്‍ന്ന ഏറ്റമുട്ടല്‍ അവസാനിപ്പിച്ച് നിലവില്‍ വന്ന കരാറി(മിന്‍സ്‌ക് മെമോറാണ്ടം)ന്റെ നഗ്നമായ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് ഉക്രൈന്‍ വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ദിമിത്രോ കുലേബ പറഞ്ഞു. അന്താരാഷ്ട്ര പങ്കാളിയെന്ന നിലയില്‍ റഷ്യയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രഖ്യാപനം. സമാധാനത്തിന് യാതൊരു മുന്‍ഗണനയും മോസ്‌കോ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിക്ടര്‍ യാനുകോവിച്ചിനെ പുറത്താക്കാനായി നടന്ന പ്രക്ഷോഭത്തിനൊടുവില്‍ ഉക്രൈനിലെ കിഴക്കന്‍ മേഖല പൂര്‍ണമായി റഷ്യയുടെ പക്ഷത്തേക്ക് നീങ്ങിയിരിക്കുകയാണ്. മുന്‍ സോവിയറ്റ് രാഷ്ട്രമായ ഉക്രൈനിലെ ക്രിമിയ ഇതിനകം സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ നേതൃത്വം നല്‍കുന്ന പാശ്ചാത്യ അനുകൂലികള്‍ക്ക് തന്നെയാണ് മുന്‍തൂക്കം. ആര്‍സനി യാത്സന്യൂക്ക് നേതൃത്വം നല്‍കുന്ന എതിര്‍ സഖ്യം 30 ശതമാനം വോട്ടുകള്‍ നേടി. ഇരുപക്ഷവും സഖ്യ ശക്തികളെ ചേര്‍ത്ത് സര്‍ക്കാറുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഐക്യ സര്‍ക്കാറിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Latest