Connect with us

Gulf

നഗരസഭയുടെ പുതിയ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റ് അടുത്തവര്‍ഷം തുറക്കും

Published

|

Last Updated

ദുബൈ: നഗരസഭ പുതിയതായി നിര്‍മിച്ചു കൊണ്ടിരിക്കുന്ന പച്ചക്കറി, മത്സ്യ മാര്‍ക്കറ്റിന്റെ ജോലികള്‍ 48 ശതമാനം പൂര്‍ത്തിയായതായി അധികൃതര്‍. ദേര ഹംരിയ കോര്‍ണിഷില്‍ നിര്‍മാണം പുരോഗമിക്കുന്ന മാര്‍ക്കറ്റ് അടുത്ത വര്‍ഷം ആഗസ്റ്റ് മാസത്തോടെ തുറന്ന് പ്രവര്‍ത്തന മാരംഭിക്കുമെന്ന് നഗരസഭ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.
പുതിയ മാര്‍ക്കറ്റിന്റെ പ്രധാന കെട്ടിടത്തിന്റെ വിസ്തീര്‍ണം 10 ലക്ഷം ചതുരശ്ര മീറ്റര്‍ വരും. 26.9 കോടി ദിര്‍ഹമാണ് നിര്‍മാണച്ചെലവ്. നാലു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ട് കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമായിരിക്കും. ഒരേ സമയം 765 കാറുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുള്ള വിശാലമായ പാര്‍ക്കിംഗ് സംവിധാനമാണ് പുതിയ മാര്‍ക്കറ്റിലുണ്ടാവുകയെന്നും ലൂത്ത പറഞ്ഞു.
ആധുനിക നിര്‍മാണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അറബ് പാരമ്പര്യം പ്രകടമാകുന്നതായിരിക്കും കെട്ടിട സമുച്ഛയം. പച്ചക്കറികള്‍ക്കും മത്സ്യങ്ങള്‍ക്കും മാത്രമുള്ളതായിരിക്കും പുതിയ മാര്‍കറ്റ്. ദുബൈയുടെ പുരോഗമനാത്മകമായ സാമ്പത്തിക കാഴ്ചപ്പാടിന്റെ ഭാഗമാണ് നഗരസഭ അടുത്ത കാലത്തായി പ്രത്യേക മാര്‍കറ്റുകള്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്നുകൊണ്ടിരിക്കുന്നത്.
നിലവില്‍ വിവിധ ഭാഗങ്ങളിലായി, ഉപയോഗിച്ച കാറുകള്‍, ഫര്‍ണിച്ചറുകള്‍, പക്ഷികള്‍, ട്രക്കുകള്‍ എന്നിവക്കായി പ്രത്യേകം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് തീര്‍ത്തും ആരോഗ്യകരമായ പച്ചക്കറികളും മത്സ്യങ്ങളും യഥേഷ്ടം ലഭ്യമാകുന്ന സൗകര്യങ്ങളായിരിക്കും പുതിയ മാര്‍ക്കറ്റില്‍ ഉണ്ടായിരിക്കുകയെന്ന് എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.

 

Latest